News

ഫ്രാന്‍സിസ്‌ പാപ്പായ്ക്കു യുഎഇയിലേക്ക് ക്ഷണം

സ്വന്തം ലേഖകന്‍ 07-06-2018 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ്‌ പാപ്പയെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ( യുഎഇ) ക്ഷണിച്ചുകൊണ്ട് യുഎഇ വിദേശ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി വത്തിക്കാനിലെത്തിയപ്പോഴാണ് ഫ്രാന്‍സിസ് പാപ്പയെ അദ്ദേഹം അറേബ്യന്‍ ഐക്യനാട്ടിലേക്കു പ്രത്യേകം ക്ഷണിച്ചത്. കൂടിക്കാഴ്‌ചക്കിടക്ക് അബുദാബി കിരീടാവകാശിയും, സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയിഖ് മൊഹമ്മദ്‌ ബിന്‍ സായിദിന്റെ സന്ദേശം അദ്ദേഹം പാപ്പാക്ക് കൈമാറി.

മധ്യപൂര്‍വ്വേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും, അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാനുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ് പാപ്പാക്ക് ഉറപ്പു നല്‍കി. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം ഡോ. അഹ്മദ്‌ അല്‍ തയ്യേബുമായിട്ടുള്ള പാപ്പായുടെ സൗഹൃദം ചൂണ്ടിക്കാട്ടിയ അദ്ദേഹം ലോക സമാധാനത്തിനായി ഫ്രാന്‍സിസ്‌ പാപ്പ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും, ലോകത്ത്‌ സമാധാനവും, സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുവാന്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ഫ്രാന്‍സിസ്‌ പാപ്പാ അദ്ദേഹത്തെ അറിയിച്ചു. വത്തിക്കാനിലെ യുഎഇ നോണ്‍ റെസിഡന്റ് അംബാസഡറായ ഡോ. ഹെസ്സാ അബദുല്ല അല്‍ ഒതൈബയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുഎഇ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ്‌ പാപ്പായെ വീണ്ടും ക്ഷണിച്ചിട്ടാണ് ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ് മടങ്ങിയത്.


Related Articles »