News - 2025

തെക്കന്‍ സുഡാനിൽ അപ്പസ്തോലിക കാര്യാലയം തുറക്കാൻ നടപടി

സ്വന്തം ലേഖകന്‍ 09-06-2018 - Saturday

വത്തിക്കാൻ സിറ്റി: ആഭ്യന്തര കലഹം നേരിടുന്ന തെക്കൻ സുഡാനിൽ സ്ഥിര അപ്പസ്തോലിക കാര്യാലയം ആരംഭിക്കാൻ വത്തിക്കാൻ നടപടി സ്വീകരിച്ചു. ബ്രസീൽ അപ്പസ്തോലിക കാര്യാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ കെനിയൻ ബിഷപ്പ് മോൺ.മാർക്ക് കടിമയെ തെക്കൻ സുഡാനിലെ പ്രഥമ അപ്പസ്തോലിക നുൺഷ്യോയായി നിയമിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നും അറിയിച്ചതായി സുഡാൻ മെത്രാൻ സമിതിയുടെ ജൂൺ ആറിന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. നേരത്തെ നെയ്റോബി ആസ്ഥാനമായാണ് അപ്പസ്തോലിക കാര്യാലയം സുഡാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിന്നത്. ഇത് പിന്‍വലിച്ചുകൊണ്ടാണ് തെക്കന്‍ സുഡാനില്‍ സ്ഥിര അപ്പസ്തോലിക കാര്യാലയം ആരംഭിക്കുന്നത്.

യുദ്ധകെടുതികൾ നേരിടുന്ന തെക്കൻ സുഡാനിൽ വത്തിക്കാൻ നയതന്ത്രബന്ധം ആരംഭിക്കുന്നത് ഏറെ സഹായകരമാണെന്ന് ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് എഡാർഡോ ഹിബോരോ കുസ്സാല വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനായി പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ് ദക്ഷിണ സുഡാനിലെ ജനങ്ങളെന്ന് ടോബുര-യാമ്പിയോ രൂപത അദ്ധ്യക്ഷൻ കൂടിയായ ബിഷപ്പ് കുസ്സാലയുടെ പ്രസ്താവനയില്‍ പറഞ്ഞു. 2017 ൽ തീരുമാനിച്ച ഫ്രാൻസിസ് പാപ്പയുടെ തെക്കൻ സുഡാൻ സന്ദർശനം സുരക്ഷാ പ്രശ്നങ്ങളാൽ നീട്ടിവയ്ക്കുകയായിരിന്നു.

2011-ൽ സുഡാനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും 2013 മുതൽ തെക്കൻ സുഡാനിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. രാഷ്ട്രീയ പകപോക്കലുകളും കലാപവും മൂലം മൂന്ന് ലക്ഷം ആളുകള്‍ മരണമടയുകയും മുപ്പത് ലക്ഷം ജനങ്ങൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് മാര്‍പാപ്പ നേരത്തെ ധനസഹായം നല്‍കിയിരിന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥകൾക്കിടയില്‍ ജീവന്‍ പണയം വച്ചാണ് അപ്പസ്തോലിക പ്രതിനിധികള്‍ ശുശ്രൂഷ ചെയ്യുന്നത്. 2003 ൽ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറണ്ടിയിലെ വത്തിക്കാന്‍ അപ്പസ്തോലിക പ്രതിനിധിയായിരിക്കെ ഐറിഷ് ആർച്ച് ബിഷപ്പ് മൈക്കിൾ കോർട്നി വെടിയേറ്റ് മരണമടഞ്ഞിരുന്നു.


Related Articles »