News
'പ്രവാചക ശബ്ദത്തിന് ഇത് ധന്യ നിമിഷം'; ചീഫ് എഡിറ്റര്‍ അനില്‍ ലൂക്കോസ് ഡീക്കന്‍ പദവിയില്‍
12-06-2018 - Tuesday
ലിവർപൂൾ: ആകാശത്തിന്‍ കീഴെ മനുഷ്യ രക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന വചനത്തെ സധൈര്യം പ്രഘോഷിക്കുന്ന പ്രവാചക ശബ്ദത്തിന് ഇത് ധന്യനിമിഷം. യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പ്രവാചകശബ്ദം ഓൺലൈൻ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും മാഞ്ചസ്റ്റർ വിഗൻ സ്വദേശിയുമായ അനിൽ ലൂക്കോസ് ലിവർപൂൾ അതിരൂപതയ്ക്കുവേണ്ടി ഡീക്കനായി അഭിഷിക്തനായി.
ജൂൺ 10 ഞായറാഴ്ച ലിവർപൂൾ ക്രൈസ്റ്റ് ദ കിംഗ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച ദിവ്യബലിയിൽ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള വിശ്വാസികളെ സാക്ഷിനിർത്തി ആർച്ച് ബിഷപ്പ് മാൽക്കം മക്മോനാണ് ബ്രദര്‍ അനിലിന് ഡീക്കൻ പട്ടം നൽകിയത്.
ഡീക്കന്‍ പട്ട ശുശ്രൂഷയില്‍ അതിരൂപതയിലെ മറ്റ് വൈദികർക്കൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ റവ. ഫാ. സജി മലയിൽപുത്തൻപുര, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ എന്നിവരും യുകെയിലെ നിരവധി ആത്‌മീയ ശുശ്രൂഷകരും പങ്കെടുത്തു. വിവാഹിതനും നാല് മക്കളുടെ പിതാവുമായ ബ്രദര്‍ അനില്‍, പ്രവാചക ശബ്ദത്തിന്റെ ഓണ്‍ലൈന്‍ സുവിശേഷവത്ക്കരണ ശുശ്രൂഷകള്‍ക്ക് പുറമെ ദൈവരാജ്യത്തിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഡീക്കന്‍ പട്ടത്തിനായി വര്‍ഷങ്ങളായി തയാറെടുക്കുകയായിരിന്നു.
പരിശീലനകാലത്ത് ബ്രദര്‍ അനില്‍ കാണിച്ച കഠിനാധ്വാനത്തെയും അര്‍പ്പണ ബോധത്തെയും അനിലിന്റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തെയും, അവര്‍ ഏറ്റെടുത്ത സഹനത്തെയും മാല്‍ക്കം പിതാവ് അഭിനന്ദിച്ചു. 2013 ലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്റെയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി കണ്‍വന്‍ഷന്റെയും ചെയര്‍മാനായി സംഘാടന മികവ് തെളിയിച്ച വ്യക്തി കൂടിയാണ് ബ്രദര്‍ അനില്‍.
തങ്ങളുടെ ആത്മീയ സ്വപ്ന സാക്ഷാൽക്കാരത്തിനു സാക്ഷികളായി ബ്രദര്‍ അനിലിന്റേയും ഭാര്യ സോണിയുടെയും മാതാപിതാക്കളും സഹോദരങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. കോട്ടയം പുന്നത്തറ ഒഴുകയിൽ പി. കെ ലൂക്കോസിന്റെയും പെണ്ണമ്മ ലൂക്കോസിന്റെയും മകനാണ് ഡീക്കന്‍ അനിൽ ലൂക്കോസ്.
ഭാര്യ: സോണി അനിൽ, മക്കൾ: ആൽഫി, റിയോണ, റിയോൺ, ഹെലേന
സഹോദരങ്ങൾ: അനിത ജോമോൻ, അനീഷ് ലൂക്കോസ് (ഇരുവരും വിഗൻ ) രാജു ലൂക്കോസ്