News - 2025

യുക്രൈനിലെ ഭവനരഹിതർക്ക് കൈത്താങ്ങായി 'പോപ്പ് ഫോർ യുക്രൈൻ'

സ്വന്തം ലേഖകന്‍ 05-01-2019 - Saturday

കീവ്: കിഴക്കന്‍ യുക്രൈനിലെ യുദ്ധം മൂലം ഭവനരഹിതരായവർക്ക് കൈത്താങ്ങായി വത്തിക്കാന്റെ 'പോപ്പ് ഫോർ യുക്രൈൻ' സംരംഭം. അടിയന്തര ആവശ്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി അകത്തോലിക്കാ സംഘടനകളുമായി സഹകരിച്ചാണ് പോപ്പ് ഫോർ യുക്രൈനിന്റെ പ്രവർത്തനം. 2016ൽ യുക്രൈൻ ജനതയെ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ അസാധാരണമായ സാമ്പത്തിക സഹായ ശേഖരണത്തിനു ശേഷമാണ് പോപ്പ് ഫോർ യുക്രൈനിന്റെ ആവിർഭാവം. സംരംഭത്തിന് 11 മില്യൺ യൂറോ ഇതിനോടകം സംഭാവനയായി ലഭിച്ചു.

ഇതിൽ 5 മില്യണ്‍ യൂറോ ഫ്രാൻസിസ് മാർപാപ്പ നൽകിയതാണ്. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്ക്സണിന്റെ നേതൃത്വത്തിലുള്ള സംഘം നവംബർ 14 മുതൽ 18 വരെ യുക്രൈനിൽ സന്ദർശനം നടത്തിയിരുന്നു. സമഗ്ര മാനവിക വികസനത്തിനായുള്ള തിരുസംഘത്തിന്റെ ഉപസെക്രട്ടറി പദവി വഹിക്കുന്ന മോൺസിഞ്ഞോർ സെഗുൺഡോ തെചാഡോ മുനാസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഫ്രാൻസിസ് മാർപാപ്പ അത്യാഹിത ആവശ്യങ്ങൾക്കായി ഉടനടി പണം യുക്രൈൻ ജനതയ്ക്ക് ലഭ്യമാക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനാലാണ് പണം നേരിട്ട് യുക്രൈനു നൽകിയതെന്നും മോൺസിഞ്ഞോർ സെഗുൺഡോ തെചാഡോ മുനാസ് പറഞ്ഞു. പ്രത്യേക കമ്മറ്റിയാണ് മുൻഗണനാക്രമത്തിൽ വിവിധ പദ്ധതികൾക്കായി പണം നൽകിയത്. ജാതിയോ മതമോ നോക്കാതെ ആയിരങ്ങള്‍ക്ക് പുതു പ്രതീക്ഷയേകിയ 'പോപ്പ് ഫോർ യുക്രൈൻ' സംരംഭം പുതിയ പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്.


Related Articles »