News

സുവിശേഷവും വൈദ്യ സഹായവും എത്തിക്കാന്‍ 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ തയാര്‍

സ്വന്തം ലേഖകന്‍ 04-06-2019 - Tuesday

ജുരുറ്റി: ആമസോൺ വനാന്തരങ്ങളിൽ നദിയിലൂടെ മാത്രം എത്തിപ്പെടാൻ സാധിക്കുന്ന പ്രദേശങ്ങളിൽ സുവിശേഷവും, ആരോഗ്യ സഹായങ്ങളും എത്തിക്കാനായി ഫ്രാന്‍സിസ് പാപ്പയുടെ പേരിലുള്ള കപ്പല്‍ ഒരുങ്ങുന്നു. ബ്രസീലിലെ പാരാ സംസ്ഥാനത്തെ എഴുന്നൂറോളം ആമസോൺ നിവാസികൾക്കാണ് 'പോപ്പ് ഫ്രാൻസിസ്' എന്ന് പേരിട്ടിരിക്കുന്ന കപ്പൽ വഴി സഹായം ലഭിക്കുക. ഫ്രാൻസിസ്കൻ സന്യാസികൾ അൽമായ സംഘടനകളുടെ സഹായത്തോടെയാണ് സുവിശേഷവും, ആരോഗ്യ സഹായങ്ങളും ഒറ്റപ്പെട്ട ഈ സ്ഥലത്തു എത്തിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കപ്പല്‍ ജൂലൈയിൽ പ്രവർത്തനക്ഷമമാകും.

32 മീറ്റർ നീളമുള്ള കപ്പലിൽ ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ഇത്തരത്തില്‍ പൂർണ്ണമായ ആരോഗ്യ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് 'പോപ്പ് ഫ്രാൻസിസ്' ഷിപ്പ്. ഒബിഡോസ് എന്ന തുറമുഖത്തു നിന്നാണ് കപ്പൽ ആദ്യം യാത്രതിരിക്കുക.

വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിനായും കപ്പൽ ഉപയോഗിക്കുമെന്ന് സന്യസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013-ൽ ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനായി റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ഫ്രാൻസിസ്കൻ സന്യാസിയായ ഫ്രാൻസിസ്കോ ബലോട്ടി സ്ഥാപിച്ച ഒരു ആശുപത്രി സന്ദർശിച്ചിരിന്നു. അവിടെവച്ച് ആമസോണിൽ അവർക്ക് ആശുപത്രി ഉണ്ടോയെന്ന പാപ്പ തിരക്കിയപ്പോള്‍ ഇല്ല എന്നായിരിന്നു അധികാരികളുടെ മറുപടി. തുടര്‍ന്നു ആമസോണിലേക്കും സഹായം ലഭ്യമാക്കണമെന്ന് പാപ്പ നിർദ്ദേശിക്കുകയായിരിന്നു.

അങ്ങനെയാണ് സന്യാസികളും അൽമായരും കൂടി അടച്ചുപൂട്ടിയിരിന്ന രണ്ട് ആശുപത്രികൾ ഏറ്റെടുക്കുന്നത്. എന്നാൽ ആശുപത്രികളിലേക്ക് പോലും വരാനുള്ള ആമസോൺ നിവാസികളുടെ യാത്രാ ബുദ്ധിമുട്ട് കണ്ട് കപ്പൽ നിർമ്മിക്കാനുള്ള പ്രവർത്തനം അവർ ആരംഭിക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രയത്നത്തിന് ഒടുവില്‍ സുവിശേഷവും സഹായവുമായി ഫ്രാൻസിസ് മാർപാപ്പയുടെ പേരിലുള്ള കപ്പൽ ബ്രസീലിലേക്ക് പോകാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.


Related Articles »