News - 2025
വയോധികരെ തഴഞ്ഞു കൊണ്ടുള്ള സംസ്ക്കാരം പ്രോത്സാഹിപ്പിക്കരുത്: വത്തിക്കാന്‍ യുഎന്നില്‍
സ്വന്തം ലേഖകന്‍ 15-06-2018 - Friday
ജനീവ: വാര്‍ദ്ധക്യത്തിലെത്തിയവരെ തഴഞ്ഞുകൊണ്ടുള്ള വലിച്ചെറിയല്‍ സംസ്ക്കാരം പ്രോത്സാഹിപ്പിക്കരുതെന്ന് യുഎന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക്. ജൂണ്‍ 11-നു വയോധികരുടെ സംരക്ഷണവും അവകാശവും സംബന്ധിച്ച കാര്യങ്ങളില്‍ കുടുബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ച് ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന രാഷ്ട്രപ്രതിനിധികളുടെ ചര്‍ച്ചാസമ്മേളനത്തിലാണ് ആര്‍ച്ചു ബിഷപ്പ് ജുര്‍ക്കൊവിക് ഇക്കാര്യം പറഞ്ഞത്. പ്രായമായവരും യുവജനങ്ങളും തമ്മില്‍ കുടുംബങ്ങളില്‍ത്തന്നെ പരസ്പര സ്നേഹവും ബന്ധവും വളര്‍ത്തിയെടുക്കേണ്ടതാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു.
വയോധികര്‍ക്ക് അവരുടെ ജീവിതാനുഭവങ്ങളില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. അതുപോലെ യുവജനങ്ങള്‍ക്കും വളരുന്ന തലമുറയ്ക്കും മുതിര്‍ന്നവരില്‍നിന്നും ഒത്തിരി പഠിക്കാനുമുണ്ട്. അതിനാല്‍ കുഞ്ഞുങ്ങളും പ്രായമായവരും പരസ്പരാദരവില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നൊരു സംസ്ക്കാരം കുടുംബങ്ങളില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യം ക്ഷയിച്ച് ദുര്‍ബലമാകുമ്പോഴും ജീവന്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന നിയമം മറക്കരുത്. മാനസികവും ഭൗതികവുമായ ആവശ്യങ്ങളില്‍ മാത്രമല്ല കുടുംബങ്ങള്‍ സംവിധാനം ചെയ്യേണ്ടതെന്നും യുക്തിയിലും സ്നേഹത്തിലുമാണ് ജീവിതം നയിക്കേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് ഇവാന്‍ പറഞ്ഞു.