News - 2024

കുമ്പസാര രഹസ്യത്തിനായി ജയിലില്‍ പോകാന്‍ തയ്യാറെന്ന് ഓസ്ട്രേലിയന്‍ പുരോഹിതര്‍

സ്വന്തം ലേഖകന്‍ 18-06-2018 - Monday

സിഡ്നി: കുമ്പസാര രഹസ്യം യാതൊരു കാരണവശാലും വെളിപ്പെടുത്തില്ലായെന്നും അതിനു വേണ്ടി ജയിലില്‍ പോകാന്‍ തയാറാണെന്നും ഓസ്ട്രേലിയന്‍ കത്തോലിക്ക വൈദികര്‍. കത്തോലിക്കാ പുരോഹിതരെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമത്തിനേ തള്ളികളഞ്ഞുകൊണ്ടാണ് വൈദികരുടെ പ്രസ്താവന. ലൈംഗീകാതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്നും, അതിനുവേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വൈദികര്‍ വ്യക്തമാക്കി.

കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയില്ലെന്ന പ്രതിജ്ഞ എടുത്തിട്ടുള്ള കത്തോലിക്കാ പുരോഹിതര്‍ ഒരു കാരണവശാലും അത് വെളിപ്പെടുത്തില്ലെന്ന് സിഡ്നിയിലെ സെന്റ്‌ പാട്രിക്ക് ചര്‍ച്ച് ഹില്ലിലെ വികാരിയായ ഫാ. മൈക്കേല്‍ വേലന്‍ പറഞ്ഞു. ഏറ്റവും നിന്ദ്യമായ കുറ്റമെന്ന് കരുതപ്പെടുന്ന കൃത്യം ചെയ്യുവാനാണ് ഭരണകൂടം വൈദികരോട് ആവശ്യപ്പെടുന്നത്. അതൊരിക്കലും ചെയ്യുകയില്ല. രാഷ്ട്രം ഞങ്ങളുടെ മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അതിനെ പ്രതിരോധിക്കുമെന്നും ഫാ. വേലന്‍ പറഞ്ഞു.

ഒരു പുരോഹിതന്‍ ബാല ലൈംഗീകാതിക്രമത്തെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിയുകയാണെങ്കില്‍ ഉടന്‍ തന്നെ അവരെ അതില്‍ നിന്നും തടയുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാല ലൈംഗീകാതിക്രമങ്ങളെ തടയുന്നതിന് കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നതാണ് നല്ലതെന്ന് കരുതുന്നതു തെറ്റാണെന്ന് എന്‍‌എസ്‌ഡബ്ല്യു ലേബര്‍ സെനറ്ററും ദൈവശാസ്ത്ര പണ്ഡിതയുമായ ക്രിസ്റ്റീന വ്യക്തമാക്കി.

ജൂണ്‍ 7നാണ് കാന്‍ബറ ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗീകാക്രമങ്ങണളും 30 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് അനുശാസിക്കുന്ന നിയമഭേദഗതിക്ക് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. കത്തോലിക്ക വൈദികരെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ നിയമപരമായി നിര്‍ബന്ധിതരാക്കുന്ന ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി (ACT) യുടെ നയം തെക്കന്‍ ഓസ്ട്രേലിയയും സ്വീകരിക്കുമെന്നാണ് പുറത്തുലഭിക്കുന്ന വിവരങ്ങള്‍. നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സഭാനേതൃത്വം രംഗത്തുണ്ട്.


Related Articles »