News - 2025

മാര്‍പാപ്പക്കു ഖസാഖിസ്ഥാനിലേക്ക് പ്രത്യേക ക്ഷണം

സ്വന്തം ലേഖകന്‍ 19-06-2018 - Tuesday

അസ്താന, ഖസാഖിസ്ഥാന്‍: ഒക്ടോബറില്‍ ഖസാഖിസ്ഥാന്‍ തലസ്ഥാന നഗരമായ അസ്താനയില്‍ നടക്കുന്ന ലോക നേതാക്കളുടേയും, പരമ്പരാഗത മത നേതാക്കളുടേയും കോണ്‍ഗ്രസിലേക്ക് ഫ്രാന്‍സിസ് പാപ്പയെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നാസര്‍ബയേവ്. ‘റിലീജിയസ് ലീഡേഴ്സ് ഫോര്‍ എ സേഫ് വേള്‍ഡ്’ എന്ന് പേര് നല്‍കിയിരിക്കുന്ന കോണ്‍ഗ്രസ് ഒക്ടോബര്‍ 10, 11 തീയതികളിലായിട്ടായിരിക്കും നടക്കുക. ഖസാഖിസ്ഥാന്‍ പാര്‍ലമെന്‍റ് സെനറ്റ് സ്പീക്കറായ കാസിം-ഴോമാര്‍ട്ട് ടോക്കായേവാണ് പ്രസിഡന്റിന്റെ ക്ഷണം വത്തിക്കാന്‍ സ്റ്റേറ്റ് സേക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് കൈമാറിയത്.

കര്‍ദ്ദിനാള്‍ പരോളിനും മതനേതാക്കളുടെ കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സഹാര്‍ദ്ദവും, സമാധാനവും സ്ഥാപിക്കുന്നതിനായി ഖസാഖിസ്ഥാന്‍ പ്രസിഡന്റ് നടത്തിവരുന്ന ശ്രമങ്ങളെ വത്തിക്കാന്‍ തുടര്‍ന്നും പിന്തുണക്കുമെന്നും ക്ഷണത്തിനു വത്തിക്കാന്റെ ഭാഗത്തുനിന്നും നന്ദി അറിയിക്കുന്നതായും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2002 ജനുവരി 24-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അസീസ്സിയില്‍ സംഘടിപ്പിച്ച ‘വേള്‍ഡ് ഡേ ഓഫ് പ്രെയര്‍’ സമ്മേളനത്തില്‍ നിന്നുമാണ് ഖസാഖിസ്ഥാന് ലോക മതനേതാക്കളുടെ കോണ്‍ഗ്രസ് സംഘടിപ്പിക്കുവാന്‍ പ്രചോദനം ലഭിച്ചത്.


Related Articles »