Life In Christ
കായികലോകം വിട്ട് ദൈവവിളിയിലേക്ക്; മുന്‍ അമേരിക്കന്‍ താരത്തിന്റെ നിത്യവ്രത വാഗ്ദാനം ജൂണ്‍ 30ന്
സ്വന്തം ലേഖകന്‍ 20-06-2018 - Wednesday
ഓഹിയോ: നാലുതവണ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടിയ പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ താരമായ റീത്താ ക്ലെയര്‍ യോച്ചെസ് (ആന്നെ) ദൈവരാജ്യ ശുശ്രൂഷകള്‍ക്കായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഈ മാസം നിത്യവ്രത വാഗ്ദാനം നടത്തും. 'ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് പെനന്‍സ് ഓഫ് സോറോഫുള്‍ മദര്‍' എന്ന സന്യാസിനീ സഭയിലെ അംഗമായാണ് റീത്താ വരുന്ന ജൂണ്‍ 30നു നിത്യവ്രത വാഗ്ദാനം നടത്തുക. ഡെട്രോയിറ്റ് ഫ്രീ പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് റീത്താ തന്റെ അസാധാരണമായ ദൈവവിളിയെക്കുറിച്ച് മനസ്സ് തുറന്നത്. കത്തോലിക്കയായി ജനിക്കുകയും, കത്തോലിക്കാ സ്കൂളുകളില്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഒരു കന്യാസ്ത്രീയാകുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ലായെന്ന് റീത്താ പറയുന്നു.
1997- 2001 കാലഘട്ടത്തില്‍ ബാസ്ക്കറ്റ്ബോളില്‍ കഴിവുള്ള ഒരു കായികതാരമെന്ന നിലയില്‍ സ്കോളര്‍ഷിപ്പുമായിട്ടാണ് റീത്താ 'ഡെട്രോയിറ്റ് മേഴ്സി' സര്‍വ്വകലാശാലയില്‍ പഠിച്ചത്. കോളേജ് പഠനത്തിനുശേഷം 2003-ല്‍ ഡെട്രോയിറ്റ് ഡെമോളിഷന്‍ എന്ന പ്രൊഫഷണല്‍ വനിതാ ക്ലബ്ബിലൂടെ അവള്‍ തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുകയായിരിന്നു. കാല്‍ പന്തുകളിയിലെ റീത്തായുടെ വൈദഗ്ദ്യം അവളെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹയാക്കി. 2006-ല്‍ റീത്താ ആ ടീം വിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി വൈകിയാണ് വീട്ടില്‍ എത്തിക്കൊണ്ടിരുന്നതെങ്കിലും ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന അവള്‍ മുടക്കിയിരിന്നില്ല. എന്നാല്‍ കേവലം ജീവിതചര്യയുടെ ഭാഗമായാണ് അവള്‍ അതിനെ കണ്ടത്.
തന്റെ ദൈവവിളിയെക്കുറിച്ചറിഞ്ഞ നിമിഷത്തെ വലിയ അത്ഭുതത്തോടെയാണ് റീത്ത ഇന്നും സ്മരിക്കുന്നത്. 2007-ലെ ഒരു ദിവ്യബലി മദ്ധ്യേ, ഒരു വൈദികന്‍ നല്കിയ സന്ദേശമാണ് അവളെ മാറ്റിമറിച്ചത്. യേശുവിന്റെ തിരുശരീര രക്തങ്ങള്‍ യോഗ്യതയില്ലാതെ സ്വീകരിക്കുന്നവര്‍ തന്നെ തന്നെ നിന്ദിക്കുകയാണെന്നും ഇതാണ് പലരും രോഗികളും ദുര്‍ബലരും ആയതിനും മരണത്തിന് കാരണമായതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അവളില്‍ തുളച്ചുകയറി. താന്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന പോലെയും കുമ്പസാരിക്കുവാന്‍ ആരോ തന്നോടു പറയുന്ന പോലെയും അനുഭവപ്പെട്ടതായി റീത്ത പറയുന്നു. വൈകിയില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം റീത്താ കുമ്പസാരിച്ചു. ക്രമേണ ദിവസവും സുവിശേഷം വായിക്കുവാനും, വിശുദ്ധ കുര്‍ബാനയിലും ഇതര പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാനും അവള്‍ തുടങ്ങി. ഇടവക വികാരി അവള്‍ക്ക് വേണ്ട ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
ദിവ്യകാരുണ്യ ആരാധനകളില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചു. തുടര്‍ന്നു അതേ വര്‍ഷം ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി കന്യാസ്ത്രീയാകുവാന്‍ റീത്താ തീരുമാനിക്കുകയായിരിന്നു. ദൈവരാജ്യ മഹത്വത്തിന്നായുള്ള അവളുടെ ശുശ്രൂഷാ സന്നദ്ധതയെ കുടുംബവും പിന്തുണച്ചു. ദൈവത്തിനു തന്നെക്കുറിച്ചുള്ള പദ്ധതി ഇത്രക്ക് വലുതാണെന്ന് താന്‍ ചിന്തിച്ചിട്ടില്ലായിരിന്നുവെന്നു റീത്താ പറയുന്നു. നീണ്ട കാലത്തെ പ്രാര്‍ത്ഥനക്കും തയാറെടുപ്പുകള്‍ക്കും ഒടുവില്‍ ക്രിസ്തുവിനായി നിത്യവ്രതം വാഗ്ദാനം ചെയ്യാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഈ മുന്‍ ഫുട്ബോള്‍ താരം.