News - 2025
ജാർഖണ്ഡിൽ വൈദികനെ അറസ്റ്റ് ചെയ്തതില്‍ സിബിസിഐയുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍ 25-06-2018 - Monday
റാഞ്ചി: ജാർഖണ്ഡിൽ യുവതികളെ മാവോയിസ്റ്റ് അനുയായികള്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഘം ചെയ്ത സംഭവത്തില്‍ വൈദികനെ അറസ്റ്റ് ചെയ്തതില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിഷേധം. മിഷ്ണറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ഫാ. അൽഫോൻസ് അലീൻ എന്ന ജെസ്യൂട്ട് വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മാസ്‌ക്കരന്‍ഹാസ് വ്യക്തമാക്കി.
ജൂണ്‍ 19നാണ് ജാർഖണ്ഡ് ഖുന്തി ജില്ലയിലെ കൊച്ചാങ് ആദിവാസി ഗ്രാമത്തിലെ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിച്ച അഞ്ചു യുവതികളെ മാവോയിസ്റ്റ് വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുയായികൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തത്. ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സിന് കീഴിലുള്ള ആശാകിരണ്‍ എന്ന പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങളാണ് പീഡനത്തിന് ഇരകളായത്.