News - 2025
പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍ 29-06-2018 - Friday
കാലിഫോര്‍ണിയ: ക്രിസ്ത്യന്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ അബോര്‍ഷന്‍ സെന്‍ററുകളെ കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം സംസാര സ്വാതന്ത്ര്യത്തിനു എതിരാണെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി ആന്‍ഡ് ലൈഫ് അഡ്വേക്കേറ്റ്സ് വിഎസ് ബെസെറാ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിക്കൊണ്ട് തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായി ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ സൗജന്യ പരസ്യ പ്രചാരകരാകാതെ ക്രിസ്ത്യന്‍ ക്ലിനിക്കുകള്‍ക്ക് അമ്മയുടേയും, കുഞ്ഞിന്റേയും ജീവന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും കോടതി പറഞ്ഞു.
പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും തങ്ങളുടെ സെന്‍ററുകളില്‍ കുറഞ്ഞ ചിലവില്‍ ഗര്‍ഭഛിദ്ര സേവനം ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള നോട്ടീസ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും, തങ്ങളുടെ സ്റ്റാഫില്‍ ഭ്രൂണഹത്യ ചെയ്യുവാന്‍ അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്നുമുള്ള കാലിഫോര്‍ണിയ സംസ്ഥാന നിയമമായ ‘റിപ്രൊഡക്ടീവ് ഫാക്റ്റ്’ നിയമം സംസാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം ഭരണഘടനാ ഭേദഗതി എല്ലാ സംഘടനകള്‍ക്കും സംസാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം എന്ത് സംസാരിക്കരുത് എന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു.
ഗര്‍ഭഛിദ്രത്തെ അനുകൂലിക്കാത്ത പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ ഒന്നാം ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുകയാണെന്ന വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ് കോടതിയുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സമിതി ചെയര്‍മാനായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രോലൈഫ് പ്രവര്‍ത്തകരുടെ സംസാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന വലിയൊരു വിജയമാണ് കോടതി വിധി നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.