News - 2025

അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ തിരുപിറവി രംഗം

പ്രവാചകശബ്ദം 12-12-2024 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയുടെ ഭരണസിരാകേന്ദ്രവും വാഷിംഗ്‌ടണ്‍ ഡിസിയുടെ ഹൃദയവുമായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി തിരുപിറവി രംഗം. ഡിസംബര്‍ 10ന് ഉച്ചകഴിഞ്ഞ് 12 മണിയ്ക്കു കാപ്പിറ്റോള്‍ മന്ദിരത്തില്‍ ജനപ്രതിനിധി സഭയുടെ മുന്‍പിലുള്ള പടവുകളുടെ തെക്ക്-കിഴക്കന്‍ ഭാഗത്തായിട്ടാണ് തിരുപിറവി ദൃശ്യം പ്രദര്‍ശിപ്പിച്ചത്. ക്രിസ്ത്യന്‍ ഡിഫന്‍സ് സഖ്യത്തിന്റെ (ക്രിസ്ത്യന്‍ ഡിഫന്‍സ് കൊയാലിഷന്‍) ഡയറക്ടറായ പാട്രിക് മഹോണി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേടിയ ഫെഡറല്‍ കോടതിവിധിയുടെ പിന്‍ബലത്തിലാണ് തിരുപ്പിറവി ദൃശ്യം ഒരുക്കിയിരിക്കുന്നതെന്നു സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കാപ്പിറ്റോള്‍ മന്ദിരത്തിന്റെ നടക്കല്ലുകള്‍ പൊതുവാണെന്നും, അവിടെ സമാധാനപരമായ പ്രദര്‍ശനങ്ങള്‍ ഒരുക്കാമെന്നുമാണ് കോടതിവിധിയില്‍ പറയുന്നത്. പുല്‍ക്കൂടിന് പുറമേ ക്രിസ്തുമസ് കരോളുകളും ഇവിടെ സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ ക്രിസ്തുമസിന്റെ ആഹ്ളാദകരവും ശക്തവുമായ സന്ദേശം പകര്‍ന്നുനല്‍കുന്നതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാട്രിക് മഹോണി പറഞ്ഞു. “മുറിവേറ്റ് വേദനിക്കുന്ന ഈ ലോകത്തിന് ക്രിസ്തുമസ് സംഭവത്തേക്കാള്‍ ആശ്വാസം പകരുന്ന മറ്റൊരു സന്ദേശവുമില്ല. ‘ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന പ്രത്യാശയുടെ പ്രഖ്യാപനം എല്ലാ അമേരിക്കക്കാരും കേള്‍ക്കുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



“വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്” എന്ന് ഏശയ്യ പ്രവാചകന്‍ യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതും (ഏശയ്യ 9:6) അദ്ദേഹം പരാമര്‍ശിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏശയ്യ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന്റേയും ഒന്നാം ഭരണഘടനാ ഭേദഗതിയുടേയും ഒരു സുപ്രധാന വിജയമാണെന്ന് പറഞ്ഞ മഹോണി, പൊതുസ്ഥലങ്ങളില്‍ ക്രിസ്തുമസ് പ്രദര്‍ശനങ്ങളെ ചൊല്ലിയുള്ള പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

2021-ല്‍ വിശ്വാസപരമായ അലങ്കാരങ്ങള്‍ വിലക്കുന്നത് ഒന്നാം ഭരണഘടനാ ഭേദഗതിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രിസ്ത്യന്‍സ് ഡിഫന്‍സ് സഖ്യം കാപ്പിറ്റോള്‍ മന്ദിരത്തിന് ഇ-മെയില്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ക്രിസ്തുമസ് ട്രീ ഒരുക്കുവാന്‍ കാപ്പിറ്റോള്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ തിരുപിറവി ദൃശ്യം ഒരുക്കുന്നത്. ഒന്നാം ഭരണഘടന ഭേദഗതി വാഗ്ദാനം ചെയ്യുന്നത് മതസ്വാതന്ത്ര്യമാണെന്നും അല്ലാതെ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ലെന്നും സംഘടന ഇ-മെയില്‍ സന്ദേശത്തില്‍ എടുത്തുപറഞ്ഞിരുന്നു.

-----------------------------------------------------

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »