Life In Christ

ഒരാഴ്ചക്കിടെ ഇന്തോനേഷ്യയിൽ അഭിഷിക്തരായത് ഇരുപത് വൈദികര്‍

സ്വന്തം ലേഖകന്‍ 02-07-2018 - Monday

ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുപ്പട്ടം സ്വീകരിച്ചു അഭിഷിക്തരായത് ഇരുപതു പേര്‍. താൻജുങ്ങ് പ്രവിശ്യയിൽ അഞ്ചും യോഗ്യകർത്തയിൽ പന്ത്രണ്ടും റോവസെനങ്ങിൽ രണ്ടും കെറ്റപാങ്ങിൽ ഒന്നും വീതം ഡീക്കന്മാരാണ് പൗരോഹിത്യ പദവി സ്വീകരിച്ചത്. താൻജുങ്ങ് കരാഗ് ബിഷപ്പ് മോൺ.യോഹന്നസ് ഹരുൺ യുവോനോ രൂപതയിലെ വൈദിക അഭിഷേകത്തിന് കാർമ്മികത്വം വഹിച്ചു. സെമരാഗ് ആർച്ച് ബിഷപ്പ് മോൺ. റോബർട്ടസ് റുബിയറ്റോംകോ അദ്ധ്യക്ഷതയിൽ ജൂണ്‍ 28നു നടന്ന തിരുപട്ട ശുശ്രൂഷയില്‍ യോഗ്യകർത്ത മേജർ സെമിനാരിയിൽ പതിനൊന്ന് രൂപത വൈദികരും ഒരു സേവ്യറിൻ സഭാംഗവുമാണ് അഭിഷിക്തരായത്.

വ്യാഴാഴ്ചയാണ് റോവസെനങ്ങിലെ സെന്‍റ് മേരീസ് ആശ്രമത്തിൽ രണ്ടുപേരുടെ തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. സമാധാന രാജ്ഞിയായ മറിയത്തിന്റെ നാമത്തിലുള്ള ഇടവകയിൽ നടന്ന ശുശ്രൂഷയില്‍ ഡീക്കൻ ബോണഫാസിയുസിന്റെ അഭിഷേക കര്‍മ്മത്തിന് ശേഷം ബജാവ ഫ്ലോറസ് ദ്വീപിലെ ക്രൈസ്തവ സമൂഹം പരമ്പരാഗത നൃത്തചുവടുകളോടെയാണ് സന്തോഷം പങ്കിട്ടത്. കെറ്റപാങ്ങ് ബിഷപ്പ് മോൺ.പിയുസ് റിയാന പ്രപ്ഡിയുടെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിൽ രൂപതയിലെ നാൽപതോളം വൈദികർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സ്ത്രീകളും യുവജനങ്ങളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്.

ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്.


Related Articles »