News

വൈദികർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 04-07-2018 - Wednesday

വത്തിക്കാൻ സിറ്റി: ജൂലൈ മാസം വൈദികർക്കായി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂലൈ മൂന്നിന് പുറത്തിറക്കിയ പ്രതിമാസ പ്രാർത്ഥനാ നിയോഗ വീഡിയോ സന്ദേശത്തിലൂടെയാണ് ഏകാന്തയിലൂടെയും തളര്‍ച്ചയിലൂടെയും കടന്നു പോകുന്ന വൈദികരുടെ ആത്മീയ ഉണർവിന് വിശ്വാസികളുടെ പ്രാർത്ഥന ആവശ്യമാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചത്. കുറവുകളുണ്ടെങ്കിലും വൈദികരുടെ ശുശ്രൂഷാ സന്നദ്ധതയെ മനസ്സിലാക്കി അവരെ കൂടുതല്‍ പരിഗണിക്കണമെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

കുറവുകളും ബലഹീനതകളുമുണ്ടെങ്കിലും വിവിധ മേഖലകളില്‍ വൈദികര്‍ തീക്ഷ്ണമായി ശുശ്രൂഷ ചെയ്യുകയാണ്. നിരാശയുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോഴും അവര്‍ തങ്ങളുടെ ശുശ്രൂഷ അവസാനിപ്പിക്കുന്നില്ല. വിശ്വാസി സമൂഹത്തിന്റെ സ്നേഹവും കരുതലും പ്രാർത്ഥനയും പ്രതിസന്ധിയെ തരണം ചെയ്ത് സേവനമനുഷ്ഠിക്കാൻ പുരോഹിതർക്ക് പ്രചോദനമാകണം. ഇടയ ദൗത്യത്തിന്റെ മഹനീയത മനസ്സിലാക്കി സേവനമേഖലയിൽ തീക്ഷണതയോടെ മുന്നേറാൻ പുരോഹിതർക്ക് വിശ്വാസികളുടെ പ്രാർത്ഥന ആവശ്യമാണെന്ന അഭ്യർത്ഥനയോടെയാണ് മാർപാപ്പയുടെ സന്ദേശം സമാപിക്കുന്നത്.

അക്രമ ബാധിത പ്രദേശങ്ങളിലും സാധാരണക്കാര്‍ക്കിടയിലും വ്യത്യസ്ഥ മേഖലകളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ ദൃശ്യങ്ങളെ ചേര്‍ത്തുകൊണ്ട് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ആഗോള സഭയിലെ വൈദികര്‍ക്കായി നമ്മുക്കും ഈ മാസം മാര്‍പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കാം.


Related Articles »