Life In Christ - 2025

അമേരിക്കയിലെ മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പൗരോഹിത്യം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 07-07-2018 - Saturday

ഒഹിയോ: ലോകം നൽകിയ ഭൗതീക സന്തോഷങ്ങളോട് 'നോ' പറഞ്ഞു അമേരിക്കയിലെ മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍ ഇനി അള്‍ത്താരയില്‍ ബലിയര്‍പ്പിക്കും. ഒഹിയോ സ്വദേശിയായ ക്രിസ് ഹെമ്മേലാണ് ഒരാഴ്ച മുന്‍പ് തിരുപട്ടം സ്വീകരിച്ചത്. പൗരോഹിത്യ ജീവിതത്തിനെ പറ്റി പല സാഹചര്യങ്ങളിലും ആഭിമുഖ്യം തോന്നിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ഉള്‍കൊള്ളുവാന്‍ താന്‍ ശ്രമിച്ചില്ലായെന്നും ഒടുവില്‍ യേശു തന്നെ ഒരുക്കുകയായിരിന്നുവെന്നും ക്രിസ് പറയുന്നു. അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തായിരുന്നു ക്രിസ് ഹെമ്മേലിന്റെ ജനനം. ഹൈസ്ക്കൂൾ വിദ്യാഭ്യാസ കാലത്താണ് ഹെമ്മേലിന്റെ മനസ്സില്‍ പൗരോഹിത്യ വിളിയെ കുറിച്ചുള്ള ചിന്ത ആദ്യമായി മുളച്ചത്.

എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുക്കുമായിരിന്നെങ്കിലും പൗരോഹിത്യ ജീവിതത്തിനെ പറ്റിയും അതുമായി ബന്ധപ്പെട്ട കടമകളെ പറ്റിയും തനിക്ക് ഗ്രാഹ്യമില്ലായിരിന്നുവെന്നു ഹെമ്മേല്‍ പറയുന്നു. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷവും ദൈവ വിളിയെ കുറിച്ചുള്ള ചിന്ത അവനില്‍ സജീവമായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഹെമ്മേല്‍ തയാറായില്ല. രാജ്യ സേവനം എന്ന ലക്ഷ്യം മാത്രമായിരിന്നു അവന്റെ മുന്നില്‍ ഉണ്ടായത്. ദൈവവിളിക്കായുള്ള തീവ്രമായ ചിന്തയെ മനപൂര്‍വ്വം മറന്ന്‍ ഈ യുവാവ് അമേരിക്കൻ വ്യോമസേനയിൽ ചേർന്നു. എന്നാൽ ഹെമ്മേലിനെ കുറിച്ചുള്ള ദെെവത്തിന്റെ പദ്ധതി വ്യക്തമായിരിന്നു.

വ്യോമസേനയിൽ ജോലി ചെയ്യുന്ന സമയത്ത് ഹെമ്മേൽ ദെെവവുമായി കൂടുതലായി അടുത്തു. പ്രാര്‍ത്ഥനയും കത്തോലിക്ക വിശ്വാസത്തോടുള്ള പ്രത്യേകമായ ആഭിമുഖ്യവും ഹെമ്മേലിന്റെ ഹൃദയത്തിൽ പൗരോഹിത്യ ജീവിതത്തെ കുറിച്ചുളള ആഗ്രഹം വീണ്ടും ജനിപ്പിച്ചു. അത് മുന്‍പ് ഉണ്ടായ ചിന്തകളേക്കാള്‍ തീവ്രമായിരിന്നു. യേശുവിന്റെ മഹത്വത്തിനായി ശുശ്രൂഷാ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ അവന്‍ തീരുമാനിക്കുകയായിരിന്നു. അങ്ങനെ ഫ്ളോറിഡയിലെ സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിൽ വെെദിക പഠനത്തിനായി അവന്‍ ചേർന്നു. വർഷങ്ങൾ നീണ്ട പഠനത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ഈ 'മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍' പൗരോഹിത്യ കൂദാശ സ്വീകരിച്ചത്.

നേരത്തെ തനിക്ക് ഒരു കുടുംബം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും, എന്നാൽ തന്റെ ആഗ്രഹം താൻ ശുശ്രൂഷ ചെയ്യുന്ന ദേവാലയത്തെ തന്റെ കുടുംബമായി കണ്ട് സഫലീകരിക്കുമെന്നും ഫാ. ഹെമ്മേൽ പറയുന്നു. പ്രക്ഷുബ്‌ധമായ സാഹചര്യങ്ങൾ നമ്മുടെ ചുറ്റും രൂപപ്പെടുന്നതു കാണുമ്പോൾ ക്രിസ്‌തുവാണ് നമ്മുക്ക് അടിസ്ഥാനമുള്ള ഇളക്കം തട്ടാത്ത പാറയെന്നും ഫാ. ക്രിസ് സ്മരിച്ചു. ഒഹിയോ സംസ്ഥാനത്തിന്റെ ഭാഗമായ ബ്രൗൺസ്വിക്കിലുളള സെന്റ് ഫ്രാൻസിസ് സേവ്യര്‍ ദേവാലയത്തിന്റെ ചുമതലയാണ് ഫാ. ഹെമ്മേലിന് ലഭിച്ചിരിക്കുന്നത്. അതേ, സെന്റ് ഫ്രാൻസിസ് സേവ്യര്‍ ദേവാലയത്തില്‍ ഇനി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കര്‍ത്താവിന്റെ കാസ ഉയര്‍ത്തൂം.


Related Articles »