News - 2025

അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ പഠന ക്ലാസ്; ബില്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍ 08-07-2018 - Sunday

കെന്റകി: അമേരിക്കയിലെ കെന്റകിയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ തിരികെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കികൊണ്ട് ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പുവെച്ച് നിയമമാക്കിയ ബില്‍ പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ ജൂലൈ 5നു 'ബൈബിള്‍ ലിറ്ററസി ബില്‍' എന്ന പേരിലാണ് ബില്‍ പ്രാബല്യത്തില്‍ എത്തിയത്. ബൈബിളിന്റെ ഉള്ളടക്കത്തെക്കുറിച്ചും, ബൈബിളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ നിയമമാക്കിയിരിക്കുന്നത്. ഹീബ്രുവിലുള്ള വിശുദ്ധ ലിഖിതങ്ങളും, പഴയ-പുതിയ നിയമങ്ങളും പഠിപ്പിക്കുവാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ 26-ന് ഫ്രാങ്ക്ഫര്‍ട്ടിലെ കാപ്പിറ്റോള്‍ റോട്ടുണ്ടായില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ക്രൈസ്തവ വിശ്വാസിയായ ഗവര്‍ണര്‍ ബെവിന്‍ ബില്ലില്‍ ഒപ്പ് വെച്ചത്. എന്തുകൊണ്ടാണ് മറ്റുള്ള സംസ്ഥാനങ്ങളും, രാജ്യവും ഈ മാതൃക പിന്തുടരുന്നില്ലായെന്ന ചോദ്യം ബില്ലില്‍ ഒപ്പ് വെച്ചതിനു ശേഷം ഗവര്‍ണര്‍ ചോദിച്ചു. അതേസമയം കെന്റകിയിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീ യൂണിയന്‍ (ACLU) അടക്കമുള്ള സംഘടനകള്‍ കോഴ്സിനെ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ബില്‍ നിയമമായിട്ടും കെന്റക്കി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ പാഠ്യപദ്ധതി തയാറാക്കത്തതിലുള്ള ആശങ്ക എ‌സി‌എല്‍‌യു ഭാരവാഹി ആംബര്‍ ഡൂക്ക് പങ്കുവച്ചിട്ടുണ്ട്.


Related Articles »