News - 2025
സ്പാനിഷ് യുവാവിനെ കര്‍ത്താവിന്റെ അഭിഷിക്തനാക്കിയത് 'നിരീശ്വരവാദിയുടെ ഒറ്റ ചോദ്യം'
സ്വന്തം ലേഖകന്‍ 09-07-2018 - Monday
സാന്‍ സെബാസ്റ്റ്യന്‍: നിരീശ്വരവാദിയായ സുഹൃത്തിന്റെ ഒരേയൊരു ചോദ്യം ജുവാന്‍ പബ്ലോ അരോസ്‌ടെഗി എന്ന സ്പാനിഷ് യുവാവിനെ കൊണ്ട് എത്തിച്ചത് പൗരോഹിത്യത്തിൽ. സ്‌പെയ്‌നിലെ സാന്‍ സെബാസ്റ്റ്യന്‍ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായി കഴിഞ്ഞ ആഴ്ച അഭിഷേകം ചെയ്യപ്പെട്ട ഫാ. ജുവാന് തന്റെ യൗവനത്തില്‍ സുഹൃത്തിന്റെ അടുത്തു നിന്ന്‍ ഉയര്‍ന്ന ഒറ്റ ചോദ്യമാണ് തിരുപട്ട കൂദാശയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പംപ്ലോനയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ഇന്‍ഡസ്ട്രീയല്‍ എന്‍ജീനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ആജ്ഞേയവാദിയായ സുഹൃത്തിന്റെ ചോദ്യം ഫാ. ജുവാന് നേരിടേണ്ടി വന്നത്.
'എന്തുകൊണ്ടാണ് നീയൊരു ക്രിസ്ത്യാനിയായത്' എന്നതായിരുന്നു സുഹൃത്തിന്റെ ചോദ്യം. തന്റെ ജീവിതത്തില്‍ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത അക്കാര്യത്തെ കുറിച്ച് ചിന്തിക്കുവാന്‍ ജുവാന്‍ ആരംഭിക്കുകയായിരിന്നു. ശക്തമായ ആത്മശോധനയിലേക്ക് ഈ ചോദ്യം നയിച്ചു. തുടര്‍ന്നു ലഭിച്ച ദൈവീക ബോധ്യങ്ങള്‍ പ്രകാരം സമര്‍പ്പണ ജീവിതത്തിലേക്ക് അവന്‍ പ്രവേശിക്കുകയായിരിന്നു. തന്റെ തീരുമാനം വീട്ടുകാരെ ഞെട്ടിപ്പിച്ചുവെന്നു ഫാ. ജുവാന്‍ പറയുന്നു. സെമിനാരിയിലെ നാളുകളെ ഏറ്റവും സന്തോഷത്തോട് കൂടിയാണ് ഇന്ന് ഫാ. ജുവാന്‍ സ്മരിക്കുന്നത്.
ജീവിതത്തില്‍ ഏററവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെട്ട നിമിഷമായിരുന്നു സെമിനാരിയിലേതെന്ന്‍ അദ്ദേഹം വ്യക്തമാക്കി. വൈദികന്റെ സുഹൃത്തുക്കളില്‍ ഏറെ പേര്‍ നിരീശ്വരവാദികളായിരിന്നുവെങ്കിലും അവരും തിരുപട്ട ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഞായറാഴ്ച ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സാന്‍ സെബാസ്റ്റ്യന്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസ് ഇഗ്നാസ്യോയാണ് ഫാ. ജുവാന് തിരുപട്ടം നല്‍കിയത്. പൗരോഹിത്യ ശുശ്രൂഷകളോടൊപ്പം നിരീശ്വരവാദികളായ സുഹൃത്തുക്കളെയും കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരിക എന്ന മർമ്മ പ്രധാന ദൗത്യമാണ് മൂപ്പത്തിയഞ്ചുകാരനായ ഫാ. ജുവാന് മുന്നില്‍ ഇനി ഉള്ളത്.