India - 2024

41ാമത് തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു

സ്വന്തം ലേഖകന്‍ 10-07-2018 - Tuesday

പത്തനംതിട്ട: പുനരൈക്യ ശില്‍പിയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ 65ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു 41ാമത് തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നു ആരംഭിച്ചു. ഇന്നലെ രാവിലെ കുരിശുമല സെന്റ് മേരീസ് തീര്‍ഥാടന ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്ര ഉദ്ഘാടനം ചെയ്തു.

മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാന (എംസിവൈഎം)മാണ് പദയാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. നിലയ്ക്കല്‍ വനത്തില്‍നിന്നു വെട്ടിയെടുത്ത വള്ളിക്കുരിശ് ആശിര്‍വദിച്ചു പത്തനംതിട്ട ഭദ്രാസന എംസിവൈഎം പ്രസിഡന്റ് ജോബിന്‍ ഈനോസും എംസിവൈഎം പതാക ജനറല്‍ സെക്രട്ടറി ജിഫിന്‍ സാമും കാതോലിക്കാ പതാക സഭാതല പ്രസിഡന്റ് ടിനു കുര്യോക്കാസും കാതോലിക്കാ ബാവയില്‍നിന്ന് ഏറ്റുവാങ്ങി.

പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പുനെ കട്കി എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, ഡല്‍ഹി ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവരും സന്നിഹിതരായിരുന്നു. 13നു വൈകുന്നേരം തീര്‍ഥാടന പദയാത്ര തിരുവനന്തപുരത്തെത്തും.


Related Articles »