News - 2025
ഉപയോഗത്തില്‍ ഇല്ലാത്ത ദേവാലയങ്ങളുടെ ക്രയവിക്രയത്തിന് നിര്‍ദ്ദേശങ്ങളുമായി വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 13-07-2018 - Friday
വത്തിക്കാന്‍ സിറ്റി: ആരാധനകളോ കൂദാശകളോ നടക്കാത്ത ഉപയോഗത്തില്‍ ഇല്ലാത്ത ദേവാലയങ്ങളുടെ ക്രയവിക്രയത്തിന് വത്തിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നു. ക്രയവിക്രയം ചെയ്യുന്ന ദേവാലയങ്ങള്‍ മ്ളേച്ഛമായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നത് തടയാനാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ മുഖ്യ ലക്ഷ്യം. ഇതിനായി റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുടേയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടേയും നേതൃത്വത്തില്‍ നവംബര്‍ 29, 30 തിയതികളിലായി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. “ദൈവം ഇപ്പോള്‍ ഇവിടെ വസിക്കുന്നില്ലേ?” എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുക. ദേവാലയങ്ങളുടേയും, സ്വത്തുക്കളുടേയും ശരിയായ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യം.
മതനിരപേക്ഷത വളര്‍ന്നുകൊണ്ടിരിക്കുന്നതിനാലും, ദേവാലയത്തില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞതിനാലും, സാമ്പത്തിക കാരണങ്ങളാലും യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങള്‍ വേണ്ടവിധത്തില്‍ നോക്കിനടത്തുവാന്‍ കഴിയാതെ കിടക്കുകയാണെന്ന് വത്തിക്കാന്‍ സാംസ്കാരിക മന്ത്രി കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാങ്കോ റവാസി പറഞ്ഞു. കൈമാറ്റം ചെയ്യപ്പെട്ട ചില ദേവാലയങ്ങള്‍ നൈറ്റ് ക്ലബ്ബുകളും, ജിംനേഷ്യങ്ങളുമായി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പുതിയ മാര്‍ഗ്ഗരേഖകളെക്കുറിച്ച് ചിന്തിക്കുവാന്‍ വത്തിക്കാനെ പ്രേരിപ്പിച്ചത്.