News - 2025

"കൊല്ലരുത് എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തത്" വധശിക്ഷ നിറുത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 22-02-2016 - Monday

"കൊല്ലരുത്' എന്ന പ്രമാണം ഉപാധികൾ ഇല്ലാത്തതാണ്.

നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്!

ജീവൻ ദൈവത്തിന്റെ ദാനമാണ്; അത് ഇല്ലാതാക്കാൻ ആർക്കും അധികാരമില്ല." ഞായറാഴ്ചയിലെ പ്രഭാഷണത്തിൽ, വധശിക്ഷ നിറുത്തലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വധശിക്ഷ നിറുത്തലാക്കാനും തടവുകാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ക്രൈസ്തവർ പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഒരിക്കൽ കുറ്റം ചെയ്തു പോയി എന്നുള്ളതുകൊണ്ട് കുറ്റവാളികൾ മനുഷ്യരല്ലാതാകുന്നില്ല; മനുഷ്യരെന്ന പരിഗണയോടെ അവരോട് ഇടപെടുവാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ അദ്ദേഹം രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചു. കരുണയുടെ വർഷം ആചരിക്കുന്ന ഈ സമയത്ത് വധശിക്ഷകൾ നിറുത്തിവയ്ക്കാൻ അദ്ദേഹം ക്രൈസ്തവ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. "നിങ്ങൾ അതു ചെയ്യുന്നത് മറ്റുള്ളവർക്ക് വലിയൊരു പ്രേരണയായിരിക്കും" പിതാവ് പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും വധശിക്ഷ നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ഒരു യോഗം ഇന്ന് (ഫെബ്രുവരി 22) റോമിൽ നടത്തപ്പെടുന്നുണ്ട്. സാന്റ് എഗിഡിയോ സമൂഹമാണ് (Sant’Egidio Community) ഈ യോഗം സംഘടിപ്പിക്കുന്നത്. വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ യോഗം കരുത്ത് പകരും എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

കുറ്റവാളിയെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരിക്കണം ശിക്ഷാനിയമം എന്ന് പിതാവ് ഓർമിപ്പിച്ചു.

US-ൽ നടത്തിയ പ്രസംഗത്തിൽ പിതാവ് വധശിക്ഷയെ അപലപിക്കുകയുണ്ടായി. സെപ്റ്റംബർ 24-ന് US കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറയുകയുണ്ടായി. "മനുഷ്യ ജീവന്റെ എല്ലാ അവസ്ഥയിലും അതിനെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്."

ഇന്നലെ പ്രഭാഷണത്തിൽ അദ്ദേഹം ക്രിസ്തുവിന്റെ രൂപാന്തരീകരണത്തെ പരാമർശിച്ചു കൊണ്ട്, തന്റെ മെക്സിക്കോ സന്ദർശനത്തെ പറ്റി ഇങ്ങനെ പറഞ്ഞു. "ആ സന്ദർശനം ഒരു രൂപ ന്തരീകരണത്തിന്റെ അനുഭവമാണ് എനിക്ക് നൽകിയത്!"

തന്റെ മെക്സിക്കോ സന്ദർശനത്തിൽ (ഫെബ്രുവരി 12-18) അദ്ദേഹം ആ രാജ്യത്തെ സാമാന്യജനങ്ങളോടും ജയിലുകളിൽ കഴിയുന്ന കുറ്റവാളികളോടും അടുത്ത് ബന്ധപ്പെട്ടിരുന്നു.

"അവർ എല്ലാവരും ജീവിക്കുന്ന വിശ്വാസത്തിന്റെ തെളിവുകളായിരുന്നു. വിശ്വാസത്തിലൂടെ രൂപാന്തരീകരണം സംഭവിച്ചവരായിരുന്നു അവർ!" അദ്ദേഹം പറഞ്ഞു.