News - 2025
"ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ അനുമതി നല്‍കുന്നത് മനുഷ്യവകാശം"; വിചിത്ര വാദവുമായി ആംനസ്റ്റി ഇന്‍റര്‍നാഷ്ണല്‍
സ്വന്തം ലേഖകന്‍ 15-07-2018 - Sunday
ന്യൂയോര്‍ക്ക്: ഗര്‍ഭച്ഛിദ്ര നിയമങ്ങൾ പൊളിച്ചെഴുതുന്നതിനു പകരം നിയമപരമായി സ്ത്രീകൾക്കും, പെൺകുട്ടികൾക്കും ഭ്രൂണഹത്യ നടത്താൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 'മനുഷ്യാവകാശ സംഘടന' എന്ന പേരില്‍ അറിയപ്പെടുന്ന ആംനസ്റ്റി ഇന്‍റര്‍നാഷ്ണലിന്റെ വിചിത്ര വാദം. ലണ്ടന്‍ ആസ്ഥാനമായി നിലകൊളളുന്ന ആംനസ്റ്റി ഇന്‍റർനാഷ്ണലിന്റെ പോളണ്ടിന്‍െറ തലസ്ഥാനമായ വാർസോയിൽ സമ്മേളിച്ച പൊതു സഭയാണ് ഭ്രൂണഹത്യയെ സംബന്ധിച്ച പുതിയ നയത്തിൽ തീരുമാനം എടുത്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിൽ വന്ന ഒഴിവിലേയ്ക്ക് പ്രോ ലൈഫ് ജഡ്‌ജിയെ നാമനിർദേശം ചെയ്ത അതേ ദിവസം തന്നെയാണ് ആംനസ്റ്റി ഭ്രൂണഹത്യയ്ക്ക് അനുകൂലമായി പ്രസ്‌താവനയിറക്കിയതെന്നത് ശ്രദ്ധേയമാണ്.
മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സംഘടന എന്ന പേരിലാണ് ആംനസ്റ്റി അറിയപ്പെടുന്നതെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്ന നടപടിയെ അനുകൂലിക്കുന്ന സംഘടനയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം വ്യാപകമാണ്. ശീതയുദ്ധ സമയത്ത് രാഷ്ട്രീയ തടവുകാരായവരുടെ മോചനത്തിനായി രൂപംകൊണ്ട സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷ്ണല്‍. കത്തോലിക്ക വിശ്വാസിയായിരിന്ന ബെർണാഡ് ബെനൻസണ്‍നാണ് സംഘടനയുടെ സ്ഥാപകൻ. എന്നാൽ ബെനൻസണിന്‍െറ മരണത്തിന് ശേഷം ആംനസ്റ്റി ഭ്രൂണഹത്യയയേയും മറ്റും പിന്തുണയ്ക്കാൻ ആരംഭിക്കുകയായിരിന്നു.
2007-ൽ സംഘടനയുടെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ കേറ്റ് ജിൽമോർ എന്ന സ്ത്രീയാണ് സംഘടനയെ കൂടുതൽ അബോർഷൻ അനുകൂലമാക്കിയത്. ഇതോടെ സംഘടനയിൽ നിന്നും കത്തോലിക്കരുടെ കൊഴിഞ്ഞു പോക്ക് വ്യാപകമായി. കുറച്ചു നാളുകൾക്കു മുൻപ് അയർലൻഡിൽ ഭ്രൂണഹത്യ നിയമവിധേയമാക്കണമോ എന്ന് തീരുമാനിക്കാൻ നടന്ന ജനഹിത പരിശോധനയിൽ ഭ്രൂണഹത്യയ്ക്ക് അനുകൂലമായ നിയമ നിര്‍മ്മാണം സാധ്യമാക്കാൻ ആംനസ്റ്റി ശക്തമായി ഇടപെട്ടിരുന്നതായി വാര്‍ത്തകള്‍ വന്നിരിന്നു. അതേസമയം ആംനസ്റ്റിക്ക് സാമ്പത്തികമായി സഹായം നല്‍കുന്ന പല പ്രോലൈഫ് അനുകൂലികള്‍ക്കും സംഘടനയുടെ ഭ്രൂണഹത്യയ്ക്ക് അനുകൂലമായ നയത്തെ പറ്റി വലിയ ധാരണയില്ലായെന്നത് വസ്തുതയാണ്.