Life In Christ - 2025

മദ്യശാലയില്‍ നിന്ന് അള്‍ത്താരയിലേക്ക്; 15 വര്‍ഷം കുര്‍ബാനയില്‍ പങ്കെടുക്കാത്തയാള്‍ ഇന്ന് ദിവ്യബലി അര്‍പ്പിക്കുന്നു

സ്വന്തം ലേഖകന്‍ 20-07-2018 - Friday

സാന്റാണ്ടര്‍: പൗരോഹിത്യമെന്ന മഹത്തരമായ ജീവിതത്തെ പുല്‍കാന്‍ ദൈവം പ്രത്യേകം വിളിച്ച അനേകരുടെ ജീവിതാനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. 35 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. കെന്‍സിയുടെ ജീവിതസാക്ഷ്യം ഈ അടുത്ത നാളുകളിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കാസറെസ് എന്ന സ്പെയിന്‍ സ്വദേശിക്കും വ്യത്യസ്ഥമായ ജീവിതസാക്ഷ്യമാണ് ലോകത്തോട് പറയാനുള്ളത്. 15 വര്‍ഷമായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാതിരിന്ന മദ്യശാലാ നടത്തിപ്പുകാരനായ അദ്ദേഹം ഇന്ന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ജുവാന്‍ ഡി കാസറെസാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നിയമപഠനത്തിനു ചേര്‍ന്ന കാസറെസ് പഠനത്തില്‍ മോശമായതിനാല്‍ ഇടക്ക് വെച്ച് പഠനം നിര്‍ത്തുകയായിരുന്നു. 2006-ല്‍ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സ്പെയിനിലെ സാന്റാണ്ടറില്‍ കാസറെസ് ഒരു ബാര്‍ തുടങ്ങുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ബാര്‍ നഷ്ടത്തിലായി. ജീവിതത്തിലെ ദിശാബോധം നഷ്ടപ്പെട്ടപ്പോലെയായിരുന്നു എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് ഫാ. കാസറെസ് സ്മരിക്കുന്നത്. ബാര്‍ ആരംഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ദേവാലയത്തില്‍ പോകുന്ന പതിവ് അദ്ദേഹം നിറുത്തിയിരുന്നു.

വിശ്വാസത്തില്‍ നിന്ന്‍ അകന്നു കഴിഞ്ഞിരിന്ന കാസറെസിനെ തന്റെ തിരുസന്നിധിയിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ ദൈവം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ സുഹൃത്തിലൂടെ. പ്രാര്‍ത്ഥനക്കായി ഒരു സുഹൃത്ത് ക്ഷണിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന്‍ കാസറെസ് പറയുന്നു. ആദ്യമൊക്കെ സുഹൃത്തുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു താന്‍ പോയിരുന്നതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ക്രമേണ കാസറെസിന്റെയുള്ളില്‍ മാറ്റങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ തുടങ്ങി. ആദ്ധ്യാത്മിക ജീവിതത്തിലേക്ക് മടങ്ങിവരുവാനുള്ള ശക്തമായ ഉള്‍പ്രേരണ അവനെ വല്ലാതെ ഉലച്ചു. വൈകിയില്ല. ഒരു പതിറ്റാണ്ടിന് ശേഷം കാസറെസ് കുമ്പസാരിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചു. അനുരഞ്ജന ശുശ്രൂഷയും ദിവ്യകാരുണ്യവും ജീവിതത്തിന്റെ അടിസ്ഥാനമായി അവന്‍ കണ്ടു.

പരിശുദ്ധാത്മാവില്‍ പുതുജീവന്‍ പ്രാപിച്ച കാസറെസ് അധികം താമസിയാതെതന്നെ പഠനം പുനരാരംഭിച്ചു. എന്നാല്‍ അപ്പോഴും ദൈവവിളിയെ കുറിച്ചുള്ള ആത്മീയ ബോധ്യങ്ങള്‍ അവനില്‍ സംജാതമായിരിന്നില്ല. പഠനം ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ ദൈവവിളി തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ദൈവവിളിക്കുള്ള സമ്മതത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, “ഒരു വിവാഹം ചെയ്ത് തന്റെ കാര്യങ്ങള്‍ നോക്കുന്ന ഭാര്യയോടൊപ്പം താമസിക്കുവാനായിരുന്നു തനിക്കിഷ്ടം. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ മറ്റൊന്നായിരുന്നു”.

അങ്ങനെ ദൈവവിളിയെ കുറിച്ചുള്ള ചിന്ത സജീവമായപ്പോള്‍ സാന്റാണ്ടറിലെ മെത്രാനായ വിസെന്റെ ജിമെനെസിനോട് ഉപദേശമാരാഞ്ഞതിനു ശേഷം അദ്ദേഹം സെമിനാരിയില്‍ ചേരുകയായിരിന്നു. സ്വദേശത്തു നിന്നു 120 മൈലുകള്‍ അകലെയുള്ള പാമ്പ്ലോണ നഗരത്തിലുള്ള സെമിനാരിയിലാണ് അദ്ദേഹം ചേര്‍ന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഫാ. ജുവാന്‍ ഡി കാസറെയുടെ പൗരോഹിത്യ പട്ട സ്വീകരണം നടന്നത്. സാന്റാണ്ടറിലെ നാല് ഇടവകകളിലായാണ് അദ്ദേഹം ഇപ്പോള്‍ സേവനം ചെയ്തുവരുന്നത്. മദ്യശാലയില്‍ മദ്യം വിളമ്പിയ, 15 വര്‍ഷം ദേവാലയത്തില്‍ പ്രവേശിക്കാതിരിന്ന ഫാ. ജുവാന്‍ ഡി കാസറെ ഇന്ന് കര്‍ത്താവിന്റെ കാസ ഉയര്‍ത്തുകയാണ്. അവര്‍ണ്ണനീയമായ നാമത്തിന് സ്തുതി എന്നു ഉദ്ഘോഷിച്ചു കൊണ്ട്.


Related Articles »