News

ദുരിതകയത്തെ സർക്കാർ അവഗണിച്ചപ്പോൾ ആശ്വാസമേകുന്നത് കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 21-07-2018 - Saturday

കോട്ടയം/ ആലപ്പുഴ: കേരളം മഴക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ശ്രദ്ധേയമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി കത്തോലിക്ക സഭയുടെ ഇടപെടല്‍. ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ രൂപതകളും കത്തോലിക്ക സന്നദ്ധ സംഘടനകളും പ്രളയ പ്രദേശങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തമുഖത്ത് അരിയും പച്ചക്കറിയും ബ്രഡും ജാമും പഴങ്ങളും അവശ്യവസ്തുക്കളുമെല്ലാം വൈദികരുടെ നേതൃത്വത്തില്‍ യുവജനങ്ങളും വിശ്വാസികളും എത്തിക്കുകയാണ്. ദുരിതകയത്തെ സർക്കാർ അവഗണിച്ചപ്പോൾ നാനാജാതി മതസ്ഥരായ പതിനായിരകണക്കിന് ആളുകള്‍ക്കു മുന്നില്‍ രാപ്പകലില്ലാതെയാണ് സഭയുടെ ജീവകാരുണ്യശുശ്രൂഷ.

ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ എണ്ണായിരത്തോളം ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 80 ടണ്‍ അരിയും 10 ടണ്‍ പയറുമാണ് ഇവിടേക്ക് എത്തിച്ചത്. കാലവര്‍ഷ കെടുതിയെ വ്യക്തമായ പദ്ധതിയോടെയാണ് കോട്ടയം അതിരൂപത നേരിടുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടു വീട്ടില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയും ക്യാമ്പുകളിലേയ്ക്ക് പോകാന്‍ മടിക്കുന്നവരെ ബോധവത്ക്കരണം നടത്തിയും ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും രൂപതാ തങ്ങളുടെ സേവനം തുടരുകയാണ്.

പുളിങ്കുന്ന്‍ സെന്റ്‌ മേരീസ് ഫൊറോനയിലെ വികാരി ഫാ. മാത്യു ചൂരവടിയുടെയും അസിസ്റ്റന്‍റ് വികാരി ഫാ. ജിസണ്‍ പോള്‍ വേങ്ങശേരിയുടെയും നേതൃത്വത്തില്‍ യുവജനങ്ങള്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം മൂവായിരത്തോളം നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്കാണ് ആശ്വാസമേകുന്നത്. രണ്ടായിരത്തിലധികം പാക്കറ്റ് ബ്രെഡ്ഡും ജാമും, ബിസ്ക്കറ്റ്, നേന്ത്രപഴം തുടങ്ങിയവയുമാണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇവര്‍ നല്‍കിയത്. പുളിങ്കുന്ന് വലിയ പള്ളിയിലെ യുവദീപ്തി– എസ്. എം. വൈ. എം അംഗങ്ങളായ യുവജനങ്ങളും വൈദികരും ചേര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥങ്ങളും ആവശ്യവസ്തുക്കളും പ്രളയ പ്രദേശത്ത് എത്തിക്കുന്നത്.

ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യസാധനങ്ങളുമായി പോകുന്ന ഫാ. ജിസണ്‍ പോളിന്റെയും സംഘത്തിന്റെയും വീഡിയോ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം തരംഗമായിരിന്നു. ഇന്ന് 1000 പേർക്കുള്ള പ്രഭാതഭക്ഷണവും, 2000 പേർക്കുള്ള ഉച്ചഭക്ഷണവും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് 6000 പാക്കറ്റ് ബ്രെഡും നല്‍കുന്നുണ്ടെന്ന് പുളിങ്കുന്ന്‍ യുവദീപ്തിയുടെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തങ്ങളുടെ സന്നദ്ധ സേവനം ദിവ്യകാരുണ്യ ആരാധനക്ക് ശേഷമാണ് സംഘം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മഴവെള്ള കെടുതിയിൽ 95 ശതമാനത്തോളം കുടുംബങ്ങളും ദുരിതം അനുഭവിക്കുന്ന മുട്ടാറില്‍ സെന്റ് ജോര്‍ജ് ദേവാലയം, കുമരഞ്ചിറ ദേവാലയം, മുട്ടാർ അമലോത്ഭവ മാതാ ദേവാലയം എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. ഭക്ഷ്യവസ്തുക്കളും ഇതരസഹായവുമാണ് പ്രദേശത്ത് ഇടവകകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെടാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പുന്നപ്ര ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിജോയ് അറക്കന്റെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തില്‍ ഇരുനൂറോളം ഭവനങ്ങളിൽ അരിയും പയറും എത്തിച്ചു കഴിഞ്ഞു. അരലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രദേശത്തെ ആളുകളിലേക്ക് എത്തിച്ചത്. ഇടവകയിലെ വിശ്വാസികളില്‍ നിന്നു സ്വരൂപിച്ച തുകക്കു വലിയ വള്ളങ്ങളിൽ സാധനങ്ങൾ വാങ്ങി ചെറിയ വള്ളങ്ങളിൽ ആയി വിവിധ മതസ്ഥരായ ആളുകളുടെ വീടുകളിൽ എത്തിക്കുകയാണ്. വെള്ളപ്പൊക്ക കെടുതിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഫാ. രാജീവ്‌ ജോസഫ്‌ എന്ന യുവവൈദികനും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

വെള്ളപൊക്കം ബാധിച്ച പ്രദേശത്തൂടെ തോണിയില്‍ യാത്ര ചെയ്യവേ ഒറ്റപ്പെട്ടു കിടക്കുന്ന വയോധികയായ അമ്മയുടെ അവസ്ഥ ആരായുന്നതും സഹായവുമായി ഉടന്‍ മടങ്ങിയെത്താമെന്നുള്ള വാഗ്ദാനവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാവുന്നതാണ്. കണ്ടംകരിയിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇങ്ങനെ കത്തോലിക്ക സഭയുടെ വിവിധ രൂപതകളിലുള്ള ഇടവകകള്‍ വഴി, വിവിധ സംഘടനകള്‍ വഴി സഭ സന്നദ്ധ സേവനം തുടരുകയാണ്. ഈ വാര്‍ത്ത ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ലായെന്നു വായനക്കാര്‍ ശ്രദ്ധിയ്ക്കുക. സോഷ്യല്‍ മീഡിയായിലൂടെയും എം‌സി‌ബി‌എസ് മാധ്യമമായ 'ലൈഫ്ഡേ'യിലൂടെയും വന്ന സഭയുടെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ 'ലഘുരൂപം' മാത്രമാണിത്. ഇതില്‍ പ്രതിപാദിക്കാത്ത അനേകം രൂപതകളും ഇടവകളും സംഘടനകളും ഉണ്ടെന്ന് വ്യക്തം. വെള്ളപ്പൊക്ക ദുരിതത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുന്നിടത്ത് രാപ്പകലില്ലാതെ അദ്ധ്വാനിക്കുകയാണ് കത്തോലിക്ക സഭ. മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നില്ലെങ്കിലും, നിങ്ങള്‍ ഈ വായിക്കുന്ന സമയത്തും മഴയെ അവഗണിച്ച് ശുശ്രൂഷ തുടരുകയാണ് സഭയിലെ വൈദികരും യുവജന അല്‍മായ സമൂഹവും.


Related Articles »