News - 2025

ചൈനയില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് വേട്ട; ക്രൈസ്തവ ദേവാലയം തകർത്തു

സ്വന്തം ലേഖകന്‍ 23-07-2018 - Monday

ബെയ്ജിംഗ്: ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടി വീണ്ടും തുടരുന്നു. ജൂലൈ പതിനേഴിന് ഷാൻഡോങ്ങ് പ്രവിശ്യയിലെ ലിയങ്ങ് വാങ്ങ് കത്തോലിക്ക ദേവാലയമാണ് പോലീസും പണിക്കാരും അടങ്ങുന്ന എഴുപതോളം അംഗങ്ങളുടെ സംഘം തകർത്തത്. 2006-ൽ രജിസ്റ്റർ ചെയ്ത് ഭരണകൂടത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ദേവാലയമാണ് അധികൃതർ പൊളിച്ചു നീക്കിയത്.

ദേവാലയ ശുശ്രൂഷികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത അധികൃതർ നിമിഷങ്ങൾക്കകം ബുൾഡോസറിന്റേയും ആയുധങ്ങളുടേയും സഹായത്തോടെ ദേവാലയം നശിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദേവാലയം പൊളിച്ചു മാറ്റിയതിന്റെ ദൃശ്യങ്ങൾ യു എസ് ആസ്ഥാനമായ അമേരിക്കന്‍ സംഘടന ഫേസ്ബുക്കിൽ പങ്കുവച്ചിരിന്നു. വ്യാവസായിക ആവശ്യങ്ങൾക്കും നഗരവത്കരണത്തിന്റെയും ഭാഗമായി ദേവാലയങ്ങൾ നീക്കം ചെയ്യുകയാണ് ചൈനീസ് ഭരണകൂടത്തിന്റെ പുതിയ നയം.

കഴിഞ്ഞ ഡിസംബറിൽ ഷാങ്സി പ്രവിശ്യയിൽ അനുമതിയോടെ പ്രവർത്തിച്ചിരുന്ന ദേവാലയവും സമാന രീതിയിൽ പൊളിച്ചു മാറ്റിയിരുന്നു. ചൈനയില്‍ ക്രൈസ്തവ വളർച്ചയിൽ ഭീതി പൂണ്ട കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങളാണിതെന്ന് 'ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ' റീജിയണൽ മാനേജർ ജിന്ന ഗോ വിലയിരുത്തി. മുന്നറിയിപ്പുകൾ നല്‍കാതെ ദേവാലയം നീക്കം ചെയ്തത് പ്രതിഷേധത്തെ ഭയന്നാണെന്നും ഇത്തരം പ്രവർത്തികൾക്കൊന്നും ക്രൈസ്തവ വിശ്വാസ വളർച്ചയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles »