News - 2024

മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാജ്യം ഇസ്രായേല്‍: പ്രധാനമന്ത്രി നെതന്യാഹു

സ്വന്തം ലേഖകന്‍ 24-07-2018 - Tuesday

ജറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാജ്യം ഇസ്രായേലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI) ന്റെ 13-മത് വാര്‍ഷിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തത്. മധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യത്തിന്റെ വഴികാട്ടിയും ദീപസ്തംഭവുമായാണ് അദ്ദേഹം ഇസ്രായേലിനെ വിശേഷിപ്പിച്ചത്.

ഇസ്രായേലില്‍ ക്രിസ്ത്യാനികള്‍ നിലനില്‍ക്കുക മാത്രമല്ല, പുരോഗതി പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുകയും, ക്രിസ്ത്യാനികള്‍ക്ക് യാതൊരു ഭയവും കൂടാതെ സ്വതന്ത്രമായി ആരാധന ചെയ്യുവാന്‍ കഴിയുകയും ചെയ്യുന്ന മേഖലയിലെ ഏക രാജ്യം ഇസ്രായേലാണ്. രാജ്യത്തെ ക്രൈസ്തവര്‍ എല്ലാ മേഖലയിലും വളരെയേറെ ഉന്നതി പ്രാപിച്ചിട്ടുള്ളവരാണെന്ന് മധ്യപൂര്‍വ്വേഷ്യയിലെ മറ്റ് രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് നെതന്യാഹു പറഞ്ഞു.

ഇറാനില്‍ ക്രിസ്ത്യാനികള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനില്‍ നിരവധി ക്രിസ്ത്യാനികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, ജയിലില്‍ അടക്കപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെ ആരും ശബ്ദിക്കാത്തതു എന്തുകൊണ്ടാണ്? ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ വെറും കാഴ്ചക്കാരേപ്പോലെ തങ്ങള്‍ നോക്കി നില്‍ക്കുകയില്ല. ഇറാനില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളോടുള്ള തന്റെ പിന്തുണ അറിയിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലിനെ അനുകൂലിക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയാണ് ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI). ഇസ്രായേല്‍ വിരുദ്ധമായ വ്യാജപ്രചാരണങ്ങളേയും, ആശയങ്ങളേയും രാഷ്ട്രീയ ഭീഷണികളേയും പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. യഹൂദരെ കൂടാതെ ക്രൈസ്തവ വിശ്വാസം സാധ്യമല്ലെന്ന എന്ന ചിന്താഗതിയില്‍ ഊന്നിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.


Related Articles »