News - 2024

ജര്‍മ്മനിക്ക് പിന്നാലെ ഇറ്റലി; പൊതുകെട്ടിടങ്ങളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുവാന്‍ ബില്‍

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

റോം, ഇറ്റലി: ജര്‍മ്മന്‍ സംസ്ഥാനമായ ബാവരിയായുടെ മാതൃക പിന്തുടര്‍ന്നു കൊണ്ട് ഇറ്റലിയും തങ്ങളുടെ പൊതു കെട്ടിടങ്ങളില്‍ ക്രൂശിത രൂപം പ്രദര്‍ശിപ്പിക്കണമെന്ന് അനുശാസിക്കുന്ന ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ച ബില്‍ ഇറ്റലിയുടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെന്നാണ് ‘എല്‍ എസ്പ്രസ്സോ’ എന്ന ഇറ്റാലിയന്‍ വാര്‍ത്താ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍, ജയിലുകള്‍, കോണ്‍സുലേറ്റുകള്‍, എംബസ്സികള്‍, പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ പൊതു കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും ക്രൂശിത രൂപം പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് ബില്‍ അനുശാസിക്കുന്നു.

നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് ആയിരം യൂറോ ($ 1169) വരെ പിഴ ചുമത്താമെന്ന് ബില്ലില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ചേംബറിലും, സെനറ്റിലും ചര്‍ച്ചക്കായി വെച്ചിരിക്കുകയാണ് ബില്‍. പുതിയ ആഭ്യന്തര മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയിലെ മാറ്റിയോ സാല്‍വീനിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റിന്റെ നേതാവുമായ ലൂയിജി ഡി മായോയുമാണ്‌ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24-ന് ജര്‍മ്മനിയിലെ ബാവരിയായിലെ പൊതുകെട്ടിടങ്ങളുടെ പ്രവേശന കവാടത്തില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന ബാവരിയന്‍ പ്രസിഡന്റ് മാര്‍ക്കുസ് സോഡറിന്റെ പ്രഖ്യാപനം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബാവരിയായുടെ ചരിത്രപരവും, വിശ്വാസപരവും സാംസ്കാരികവുമായ പൈതൃകത്തെ വെളിപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്.


Related Articles »