India - 2024

കേന്ദ്രത്തിന്റെ മിഷ്ണറീസ് ഓഫ് ചാരിറ്റി അവഹേളനം അവസാനിപ്പിക്കണം: പാര്‍ലമെന്റില്‍ ജോസ് കെ മാണി

സ്വന്തം ലേഖകന്‍ 26-07-2018 - Thursday

ന്യൂഡല്‍ഹി: മതതീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ധത്തില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച അഗതികളുടെയും അനാഥരുടെയും സംരക്ഷണ സ്ഥാപനങ്ങളെ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജോസ് കെ മാണി എംപി പാര്‍ലമെന്റില്‍. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുകയും അവരുടെ മാത്രം സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തി ക്രൂശിക്കുകയും ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

റാഞ്ചിയിലെ ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റീസിന്റെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തിലെ രണ്ടു സിസ്റ്റര്‍മാരെ അറസ്റ്റു ചെയ്ത നടപടി വളരെ ആശങ്കാജനകമാണ്. കുഞ്ഞിനെ വിറ്റതായി പറയുന്ന സംഭവത്തില്‍ കോണ്‍ഗ്രിഗേഷനും നിര്‍മല്‍ ഹൃദയ് സ്ഥാപനത്തിലെ സിസ്‌റ്റേഴ്‌സിനും നേരിട്ട് പങ്കില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ തന്നെ പത്രസമ്മേളനത്തില്‍ നേരത്തെ വ്യക്തമാക്കിയതാണ്.

ഇതിനിടെയാണ് അത്യാവേശം കയറിയ കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ മാത്രം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നെബേല്‍ സമ്മാനവും ഭാരതരത്‌നവും നല്‍കി ആദരിച്ച വിശുദ്ധ മദര്‍ തെരേസയുടെ സ്ഥാപനങ്ങളോട് മാത്രം വിവേചനപരമായി നടപടി സ്വീകരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്ന്‍ പാര്‍ലമെന്റില്‍ കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരിന്നു.


Related Articles »