News - 2025
കുമ്പസാരം നിരോധിക്കണമെന്ന പരാമര്‍ശം: പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍ 27-07-2018 - Friday
കൊച്ചി/ തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മയുടെ പരാമർശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാനേതൃത്വവും ക്രൈസ്തവ സംഘടനകളും കൂട്ടായ്മകളും പ്രസ്താവനയില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രേഖ ശര്‍മ്മയുടെ വാക്കുകള്‍ അവരുടെ സ്ഥാനത്തിന് യോജിക്കാത്തതാണെന്ന്‍ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി വ്യക്തമാക്കി. കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കുമെന്നും വനിതാകമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കെഎൽസിഎ പറഞ്ഞു.
വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കുമ്പസാരം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം തികച്ചും പ്രതിഷേധകരമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെപ്രതി മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അഭിലഷണീയമല്ലെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പ്രതികരിച്ചു.
ക്രൈസ്തവവിശ്വാസത്തെ അപമാനിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ രാജിവെക്കണമെന്നാണ് കേരള കത്തോലിക്ക യുവജനപ്രസ്ഥാനം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടത്. പരാമര്‍ശത്തെ അപലപിച്ചു കെസിബിസി നേതൃത്വവും വിവിധ രൂപതകളും ഇതിനോടകം പ്രസ്താവന ഇറക്കിയിരിന്നു. സോഷ്യല്‍ മീഡിയായിലും വിശ്വാസികള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. കുമ്പസാരത്തെ ഇല്ലാതാക്കുവാന്‍ കഴിയുകയില്ലായെന്നും വനിതാകമ്മീഷൻ അധ്യക്ഷയുടെ വാക്കുകള്‍ വിശ്വാസികളുടെ അടുത്ത് വിലപോകില്ലായെന്നുമാണ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. അതേസമയം നിര്‍ദ്ദേശത്തിന് എതിരെ വരും ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.