News - 2025
അപ്പസ്തോലരുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ശിലാപ്പെട്ടകം കണ്ടെത്തി
സ്വന്തം ലേഖകന്‍ 28-07-2018 - Saturday
ജറുസലേം: യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ശിലാപ്പെട്ടകത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍. മൂന്നു അപ്പസ്തോലന്‍മാരുടേയും ജന്മദേശമായി ബൈബിള്‍ പറയുന്ന (യോഹന്നാന്‍ 1:44) ബെത്സയിദാ എന്ന് കരുതപ്പെടുന്ന എല്‍ അരാജില്‍ നിന്നുമാണ് മുന്നൂറു കിലോഗ്രാം (661 പൗണ്ട്) ഭാരമുള്ള ശിലാപ്പെട്ടകാവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ ലോകത്ത് ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള കണ്ടെത്തല്‍ വളരെ അവിചാരിതമായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയത്.
പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകളിലൂടെ ഗവേഷകര്‍ പരിശോധന നടത്തുന്നതിനിടെ ഒട്ടോമന്‍ യുഗത്തിലെ ഇരുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുമാണ് ഈ ശിലാപ്പെട്ടകത്തിന്റെ ഭാഗം കണ്ടെത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ പാഷാ അല്‍ യൂസുഫ് എന്ന ധനികന്റെയായിരുന്നു ഈ കെട്ടിടം. 1955-ല്‍ ഇസ്രായേല്‍ സൈന്യം ഈ കെട്ടിടം തകര്‍ത്തിരിന്നു. അവിടെയുണ്ടായിരുന്ന ദേവാലയത്തിന്റെ അള്‍ത്താരക്ക് താഴെയുള തറയില്‍ നിന്നുമാണ് മൂന്ന്‍ അറകളോട് കൂടിയ ശിലാപ്പെട്ടകത്തിന്റെ ഭാഗം കണ്ടെത്തിയത്. അതേസമയം എല്‍ അരാജ, ബെത്സയിദാ തന്നെയാണോയെന്ന കാര്യത്തില്‍ പുരാവസ്തുഗവേഷകര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
മേഖലയില്‍ ഉദ്ഘനനത്തിന് നേതൃത്വം നല്‍കുന്നയാളും കിന്നരെത് അക്കാഡമിക്ക് കൊളേജിലെ പ്രൊഫസറുമായ മോര്‍ദേക്കായി അവിയാം പറയുന്നത് അല്‍ അരാജും ബെത്സയിദായും ഒന്നു തന്നെയാണെന്നാണ്. ബൈസന്റയിന്‍ കാലഘട്ടത്തിലെ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത് അള്‍ത്താരക്ക് കീഴെ ഇത്തരത്തിലുള്ള അറകളോട് കൂടിയ പെട്ടകത്തിലായിരുന്നുവെന്ന് പ്രൊഫ. അവിയാം പറയുന്നു. “പിന്നീട് അവര്‍ പത്രോസിന്റേയും, അന്ത്രയോസിന്റേയും ജന്മദേശമായ ബെത്സയിദായിലേക്ക് പോയി. അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്” എന്ന് എട്ടാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ തീര്‍ത്ഥാടകനായ വിശുദ്ധ വില്ലിബ്രോര്‍ഡ് എഴുതിയിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. അവിയാമിന്റെ വിലയിരുത്തല്‍.