News - 2025
16 ലക്ഷത്തോളം രൂപയുടെ ഭക്ഷണ സാധനങ്ങളും മരുന്നുകളുമായി സിഎംസി സന്യാസിനികള്‍ കുട്ടനാട്ടില്‍
സ്വന്തം ലേഖകന്‍ 29-07-2018 - Sunday
പ്രളയത്തിന്റെ കെടുതികള്‍ മൂലം ദുരിതത്തിലായ കുട്ടനാടിന്റെ കണ്ണീരൊപ്പാന്‍ ഭക്ഷണവും ചികിത്സയുമായി സിഎംസി ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റിലെ 13 പ്രോവിന്‍സില്‍ നിന്നുള്ള 150 സന്യാസിനികള്‍. 16 ലക്ഷത്തോളം രൂപയുടെ ഭക്ഷണ സാധനങ്ങളും മരുന്നുകളുമാണ് സന്യാസിനികള്‍ ഇന്ന് വിതരണം ചെയ്യുന്നത്. സിസ്റ്റര്‍മാരായ 14 ഡോക്ടര്‍മാര്‍, 25 നഴ്‌സുമാര്‍, 12 ഫാര്‍മസിസ്റ്റുമാര്‍ എന്നിവര്‍ തകഴി, കൈനകരി അറുനൂറ്റിന്‍പാടം, വേഴപ്ര പ്രദേശങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ പരിശോധനക്ക് നേതൃത്വം നല്‍കും. പനി പ്രതിരോധത്തിനായി ക്യാന്പില്‍ ഹോമിയോ മരുന്നുവിതരണവുമുണ്ടാകും.
ബ്രഡ്, റെസ്‌ക്, ബിസ്‌ക്റ്റ്, അവല്‍, പഞ്ചസാര, കാപ്പിപ്പൊടി, ജാം തുടങ്ങിയവ പ്രത്യേകം തയാറാക്കിയ തുണിസഞ്ചികളില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് കന്യാസ്ത്രീകള്‍ വിതരണം ചെയ്യും. മദര്‍ ജനറാള്‍ സിസ്റ്റര്‍ സിബി സിഎംസിയുടെ നേതൃത്വത്തില്‍ ജനറലേറ്റിലെ കൗണ്സിലര്‍മാര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട, ചങ്ങനാശേരി, അങ്കമാലി, കോതമംഗലം, എറണാകുളം, പാലാ, ഭോപ്പാല്‍, കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലക്കാട് തുടങ്ങിയ പ്രോവിന്‍സിലെ പ്രൊവിഷ്യാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്സിലര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.