News - 2025

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസം: പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

സ്വന്തം ലേഖകന്‍ 30-07-2018 - Monday

മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു ഭൂപ്രദേശമാണ് ഇന്നത്തെ റഷ്യയെന്നും രാഷ്ട്രത്തിന്റെ വ്യക്തിത്വത്തിന്റേയും, പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും, റഷ്യയിലെ പൂര്‍വ്വികരുടെ ആത്മീയ ജനനത്തിന്റേയും ആധാരശിലയും, പ്രാരംഭബിന്ദുവും ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് ആദ്യമായി മാമ്മോദീസ മുങ്ങിയത്. പിന്നീട് തന്റെ കുടുംബത്തെ മാമ്മോദീസ മുങ്ങുവാന്‍ പ്രേരിപ്പിക്കുകയും, വിജാതീയ നഗരമായിരുന്ന കിവാന്‍ റൂസ് എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തുകയും ചെയ്തു. ‘റഷ്യയുടെ മാമ്മോദീസ’ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് വ്ലാഡിമിര്‍ രാജാവിന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു വാര്‍ഷികാഘോഷം നടത്തിയത്. പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.

കമ്മ്യൂണിസത്തിന്റെ പതനത്തോടെ റഷ്യയിലെ ക്രൈസ്തവ വിശ്വാസം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ ഇതിന് മുന്‍പ് പരസ്യമായി പ്രസ്താവിച്ചിരിന്നു.


Related Articles »