News - 2025

"ക്രൈസ്തവരെ തീവ്രവാദികളായി പരിഗണിക്കുന്നു": പരാതിയുമായി ജാർഖണ്ഡ് മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 01-08-2018 - Wednesday

റാഞ്ചി: ക്രൈസ്തവരെ തീവ്രവാദികളായി കണക്കാക്കിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ജാര്‍ഖണ്ഡ് കത്തോലിക്ക ബിഷപ്പുമാർ രംഗത്ത്. ഭാരതീയ ജനത പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന നീക്കത്തിനെതിരെ ഒൻപത് മെത്രാന്മാർ ചേർന്നാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ നിയമസഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഇടപെടണമെന്നാണ് സംസ്ഥാന ഗവർണർ ദ്രൗപതി മുർമുയോട് സഭാനേതൃത്വം ആവശ്യപ്പെട്ടത്.

ഇതേ ആവശ്യം ഉന്നയിച്ച് ജൂലൈ മുപ്പതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും നിവേദനം സമർപ്പിച്ചു. സംസ്ഥാനത്ത് ക്രൈസ്തവരെയും ക്രിസ്തീയ സ്ഥാപനങ്ങളെയും തീവ്രവാദികള്‍ക്ക് തുല്യമായ രീതിയില്‍ കാണുന്നുവെന്നും വ്യാജ പരാതികളിൽ നിയമ നടപടികളെടുക്കുന്ന ഭരണകൂടത്തിന്റെ ഇടപെടലും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്വാസികളെ വ്യാജ പരാതിയിൽ തടവിലാക്കുകയും ക്രൈസ്തവ സ്ഥാപനങ്ങളിൽ യാതൊരു കാരണവും കൂടാതെ നിരന്തരം പരിശോധനയും നടത്തി വരികയാണെന്ന് റാഞ്ചി സഹായമെത്രാൻ ടെലസ്ഫോർ ബിലുങ്ങ് പറഞ്ഞു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ വാർഷിക റിപ്പോർട്ടും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതിയും സമർപ്പിക്കുന്നുണ്ടെങ്കിലും സ്ഥാപനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കടന്നുകയറ്റം രൂക്ഷമാണ്. വിദേശ പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ടെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങൾ മാത്രം ലക്ഷ്യമിടുന്നത് അപലപനീയമാണെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ റാഞ്ചി ബിഷപ്പ് തിയഡോര്‍ മസ്‌കരനസ് പറഞ്ഞു. ഭരണകൂടത്തിന്റെ നീക്കങ്ങൾക്കു തീവ്ര ഹൈന്ദവ സംഘടനകൾ പിന്തുണ നൽകുന്നത് ഇതിനെ ശരിവെക്കുകയാണ്. അതേ സമയം, സഭാദ്ധ്യക്ഷന്മാരുടെ ആരോപണങ്ങൾ സംസ്ഥാന പോലീസ് വക്താവ് നിഷേധിച്ചു.

ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗവൺമെന്റ് ഇതര സ്ഥാപനങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയതെന്നും ക്രൈസ്തവ സ്ഥാപനങ്ങളുടെ ലാഭം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന സംശയത്താലാണ് സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ നിർദ്ദേശിച്ചതെന്നും ആര്‍കെ മല്ലിക്ക് പറഞ്ഞു. പത്ത് ലക്ഷത്തോളം ക്രൈസ്തവ ജനസംഖ്യയുള്ള ജാര്‍ഖണ്ഡിൽ ഭൂരിപക്ഷവും ഗോത്രവംശജരാണ്. നിരക്ഷരരായ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സഭാനേതൃത്വം പരിശ്രമിക്കുന്നതിനെയാണ് ഭരണകൂടം പ്രതികൂട്ടിലാക്കാന്‍ ശ്രമം നടത്തുന്നത്.


Related Articles »