News - 2025
ഇമ്രാന്‍ ഖാന്റെ വിജയം; ആശങ്കയോടെ പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം
സ്വന്തം ലേഖകന്‍ 04-08-2018 - Saturday
ലാഹോര്‍: പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നു നിയുക്ത പ്രധാനമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഇമ്രാന്‍ ഖാന്‍റെ നിലപാടില്‍ ആശങ്കയോടെ ക്രൈസ്തവ സമൂഹം. ഇമ്രാന്‍ ഖാന്‍റെ തിരഞ്ഞെടുപ്പു വിജയം പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് ലാഹോര്‍ ആസ്ഥാനമായ സമാധാന കേന്ദ്രത്തിന്‍റെ ഡയറക്ടറും ഡൊമിനിക്കന്‍ വൈദികനുമായ ഫാ. ജെയിംസ് ചന്നന്‍ പ്രതികരിച്ചു. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ആഗസ്റ്റ് 1-നു നല്കിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നുവരെയും പാക്കിസ്ഥാനില്‍ വിവിധ തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ നയങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഇമ്രാന്‍ ഖാന്‍റെ വിജയത്തെയും തുടര്‍ന്നു പറവിയെടുക്കുന്ന കൂട്ടുകക്ഷി ഭരണത്തെയും ഭയത്തോടെയാണ് കാണുന്നതെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ക്രൈസ്തവരോട് ഭയപ്പെടരുതെന്നും, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന, പാക്കിസ്ഥാന്‍റെ രാഷ്ട്രപിതാവി മുഹമ്മദ് ജിന്നയുടെ മതേതര രാഷ്ട്രീയ ഭരണനയമാണ് താന്‍ വിഭാവനംചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ പ്രചരണവേദികളില്‍ പ്രസ്താവിച്ചിട്ടുണ്ട്. തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. വിവാദമായിട്ടുള്ള ദൈവ നിന്ദാ നിയമം, ഇസ്ലാമിക മൗലികവാദം എന്നിവ മുറുകെപ്പിടിക്കുന്ന നിഗൂഢമായ നയങ്ങളുള്ള തഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് പാക്കിസ്ഥാനി മിലിട്ടറിയുടെ പിന്തുണയും രംഗത്തുണ്ടെന്ന വസ്തുതയും ഫാ. ചന്നന്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇമ്രാന്‍ കൂട്ടുമന്ത്രിസഭ രൂപീകരിച്ചാണ് അധികാരമേല്‍ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.