News - 2025
പാക്കിസ്ഥാനിലെ സിന്ധ് അസംബ്ലിയില്‍ ക്രൈസ്തവ സാന്നിധ്യം
സ്വന്തം ലേഖകന്‍ 14-08-2018 - Tuesday
കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് മേഖലയിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ ക്രൈസ്തവ സാന്നിധ്യം. അന്തോണി നവീദ് എന്ന കത്തോലിക്കാ വിശ്വാസിയാണ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏക ക്രൈസ്തവ വിശ്വാസി. മറ്റ് പാര്‍ട്ടിക്കാര്‍ ഹൈന്ദവ വിശ്വാസത്തില്‍ നിന്നുള്ളവരെ തങ്ങളുടെ മതന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) അന്തോണിയെയാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. വരുന്ന 5 വര്‍ഷത്തേക്ക് സിന്ധ് മേഖലയിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ അന്തോണിയുടെ സാന്നിധ്യവും ഉണ്ടായിരിക്കും. ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ചുള്ള അന്തോണിയുടെ വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി കഴിഞ്ഞ ദിവസം കറാച്ചിയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു.
അഞ്ഞൂറോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. പാക്കിസ്ഥാനെയും, ക്രിസ്ത്യന്‍ സമൂഹത്തേയും സേവിക്കുവാന്‍ ദൈവം തനിക്ക് അവസരം നല്‍കിയതില്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് അന്തോണി പറഞ്ഞു. തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു. രാഷ്ട്രതന്ത്രത്തില്‍ ബിരുദധാരിയായ അന്തോണി നവീദ് കറാച്ചിയിലെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയനായ പ്യൂപ്പില്‍ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ (PSF) പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1998 മുതല്‍ 2005 വരെ കറാച്ചി രൂപതയുടെ യുവജന കമ്മീഷനിലും സജീവമായിരുന്നു അദ്ദേഹം. 2002-ലെ ലോക യുവജനദിനത്തില്‍ കറാച്ചി രൂപതയെ പ്രതിനിധീകരിച്ചിരുന്നത് അന്തോണിയായിരുന്നു. 2005 മുതല്‍ 2010 വരെ ജംഷെഡ് നഗരത്തിലെ ഡെപ്യൂട്ടി കൗണ്‍സിലറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 5% സംവരണം കൊണ്ടുവരുവാന്‍ പരിശ്രമിക്കുമെന്ന് അന്തോണി പറഞ്ഞു. ഇതിന് സമാനമായി സര്‍വ്വകലാശാലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി 5 സീറ്റുകള്‍ സംവരണം ചെയ്യുക എന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അന്തോണി കൂട്ടിച്ചേര്‍ത്തു.