News - 2024
ഇറാഖി ജനതയുടെ ശബ്ദമായി കൽദായ മെത്രാൻ സിനഡ്
സ്വന്തം ലേഖകന്‍ 14-08-2018 - Tuesday
ബാഗ്ദാദ്: സിറിയ, യെമൻ, ഇറാഖ് തുടങ്ങിയ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലഹം അവസാനിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും ചര്‍ച്ചയും പ്രാർത്ഥനയുമായി കൽദായ ബിഷപ്പുമാരുടെ സിനഡ്. ബാഗ്ദാദിൽ ആഗസ്റ്റ് ഏഴ് മുതൽ പതിമൂന്ന് വരെ നടന്ന സിനഡിന് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയാണ് നേതൃത്വം നൽകിയത്. ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന അസ്വാരസ്യങ്ങൾ സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്നു സിനഡ് വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദം സ്ഥാപിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രസ്താവനയിൽ മെത്രാന്മാർ ആവശ്യപ്പെട്ടു.
പരസ്പരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംസ്കാര സമ്പന്നമായ ജനതയ്ക്ക് യോജിച്ചതല്ല. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ ഭിന്നത മൂലം കഴിഞ്ഞ പതിമൂന്ന് വർഷമായി യുദ്ധക്കെടുതികൾ അനുഭവിക്കുന്നത് ഇറാഖിലെ നിഷ്കളങ്കരായ ജനങ്ങളാണ്. ഇറാഖിലെ സാമ്പത്തിക പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. അത്തരം മാറ്റങ്ങളാണ് യുവസമൂഹം ഉറ്റുനോക്കുന്നത്. ശക്തമായ ദേശീയ നേതൃത്വത്തിന് കീഴിൽ പൗരന്മാർക്ക് സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം, മതസ്വാതന്ത്ര്യം തുടങ്ങിയവ നടപ്പിലാക്കണം.
രാജ്യത്ത് അരങ്ങേറിയ ഇസ്ലാമിക തീവ്രവാദ ആക്രമണത്തിൽ നിന്നും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘടനകൾക്ക് കത്തോലിക്ക സഭയുടെ പിന്തുണയും മെത്രാന്മാർ അറിയിച്ചു. അഭയാർത്ഥികളുടെ തിരിച്ചുവരവിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പു വരുത്തണം. രാജ്യത്തെ കൽമായ സമൂഹത്തിന്റെ ആകുലതകളും നിനവേ നിവാസികള്‍ നേരിടുന്ന പ്രതിസന്ധിയും ചർച്ച ചെയ്ത സിനഡിൽ, വിശ്വാസി സമൂഹം പ്രതീക്ഷ കൈവിടരുതെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു.