News - 2024

സാമ്പത്തികമായും കായികമായും ആത്മീയമായും സജീവപങ്കാളികളാകുക: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 19-08-2018 - Sunday

തിരുവനന്തപുരം: രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതിനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും കായികമായും ആത്മീയമായും സജീവപങ്കാളികളാകാന്‍ കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം. ഒരുനേരത്തെ ആഹാരം ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസത്തിലൂടെ മിച്ചംപിടിക്കുന്ന തുകയും 26 ന് ഇടവകകളില്‍നിന്ന് പിരിച്ചെടുക്കുന്ന സംഭാവനയും ഉള്‍പ്പെടുന്ന തുക പ്രളയ ബാധിതരുടെ ദുരിതാശ്വാസത്തിനായി വിനിയോഗിക്കാന്‍ ലഭ്യമാക്കണമെന്ന് ആര്‍ച്ച്ബിഷപ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച കെസിബിസിയുടെ വിജ്ഞാപനം കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു വായിക്കും. പ്രളയ ദുരിതബാധിതര്‍ക്കായി ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗപ്രവൃത്തികള്‍ എന്നിവയിലൂടെ പ്രാര്‍ഥിക്കണമെന്നും അടിയന്തിര സാഹചര്യം നേരിടാന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ആരോഗ്യ ശുശ്രൂഷാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ ശുശ്രൂഷാ വിഭാഗങ്ങളും യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സജ്ജമായിരിക്കണമെന്നും വിജ്ഞാപനം ആഹ്വാനം ചെയ്യുന്നു.

സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതില്‍ പങ്കാളികളാകാനുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തീരദേശത്തുനിന്നുള്ള 112 എന്‍ജിന്‍ വള്ളങ്ങളും നീന്തല്‍ വിദഗ്ധരായ 560 ഓളം മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലാകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇതിനുപുറമെ, ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് മൂന്നു വാഹനങ്ങള്‍ നിറയെ ഭക്ഷ്യനിത്യോപയോഗ സാധനങ്ങളും അതിരൂപതയുടെ നേതൃത്വത്തില്‍ എത്തിച്ചു.

അതിരൂപതയിലെ വിവിധ ഇടവകകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നും സ്വീകരിച്ച അഞ്ച് ടണ്ണോളം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങള്‍, കുടിവെള്ളം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ് മൂന്നു വാഹനങ്ങളിലായി പത്തനംതിട്ട, എറണാകുളം, ആലുവ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളില്‍ എത്തിച്ചത്. ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കയറ്റിയ വാഹനങ്ങളുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ ദിവസങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഭക്ഷണങ്ങളും നിത്യോപയോഗ സാധനങ്ങളും എത്തിക്കാനുള്ള നടപടി തുടരും.


Related Articles »