News - 2024
ക്രെെസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം; മോദിക്ക് അമേരിക്കയുടെ കത്ത്
സ്വന്തം ലേഖകന്‍ 22-08-2018 - Wednesday
ന്യൂയോര്‍ക്ക്: ക്രെെസ്തവര്‍ക്കു നേരെയും ഇതര മത ന്യൂനപക്ഷങ്ങൾക്കു നേരേയും ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ നിയമനിർമ്മാണ സഭയായ യുഎസ് കോൺഗ്രസിലെ അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അന്താരാഷ്ട്ര ക്രെെസ്തവ മാധ്യമമായ ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ മത വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടി വരുന്ന ക്രെെസ്തവരെ സഹായിക്കാനായി രൂപം കൊണ്ട ഇന്‍റര്‍നാഷ്ണൽ ക്രിസ്റ്റ്യൻ കൺസേൺ എന്ന സംഘടനയാണ് ഇങ്ങനെയൊരു കത്തെഴുതാൻ യുഎസ് കോൺഗ്രസ് അംഗങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്തിയത്.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും, മറ്റ് ഇടപെടലുകളും ന്യൂനപക്ഷ പീഡനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് സർക്കാരിനേകൊണ്ട് അംഗീകരിപ്പിക്കുന്നതിനപ്പുറം ഉചിതമായ നടപടികൾ എടുക്കാൻ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുമെന്നു കരുതുന്നതായി ഇന്‍റര്‍നാഷ്ണൽ ക്രിസ്റ്റ്യൻ കൺസേൺ സംഘടനയുടെ അദ്ധ്യക്ഷന്‍ മത്തിയാസ് പെർത്തുള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ പരസ്യമായി അപലപിക്കുകയും, അതിനു കാരണക്കാരായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും മത്തിയാസ് പെർത്തുള കൂട്ടിച്ചേർത്തു. ഭാരതത്തിലെ തീവ്രദേശീയവാദികള്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന പീഡനപരമ്പരകള്‍ക്ക് എതിരെ പ്രതികരണവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളും നേരത്തെ രംഗത്ത് വന്നിരിന്നു.