News - 2025
ഫ്രാന്‍സിസ് പാപ്പ നാളെ അയര്‍ലണ്ടിലേക്ക്
സ്വന്തം ലേഖകന്‍ 24-08-2018 - Friday
വത്തിക്കാന്‍ സിറ്റി: ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നാളെ അയര്‍ലണ്ടില്‍ എത്തിച്ചേരും. സംഗമത്തിന്‍റെ അഞ്ചാം ദിവസമായ നാളെ, പ്രാദേശിക സമയം രാവിലെ 9.30-ന് ഡബ്ലിനിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 7.30-ന് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബങ്ങളുടെ സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുത്ത് സന്ദേശം നല്കും. ആഗസ്റ്റ് 26 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.45നു നോക്കിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും.
ത്രികാലപ്രാര്‍ത്ഥനയെ തുടര്‍ന്നു പാപ്പ ഹ്രസ്വസന്ദേശം നല്കും. ഉച്ചകഴിഞ്ഞ് 2.30-ന് ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലെത്തും. 3.30-ന് കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. സുവിശേഷസന്ദേശം പങ്കുവയ്ക്കും. വൈകുന്നേരം 5.30-ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയാണ് ഡബ്ലിനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അവസാനത്തെ പരിപാടി. തുടര്‍ന്ന് 6.30-ന് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയയപ്പ് സ്വീകരിച്ച് വത്തിക്കാനിലേയ്ക്കു മടങ്ങും. 116 രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തിനടുത്ത് ആളുകളാണ് ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നത്.