News - 2024

'ജപമാല നിർമ്മാണത്തിലൂടെ ജീവിതത്തിന് മാറ്റം'; കാരിത്താസ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു

സ്വന്തം ലേഖകന്‍ 25-08-2018 - Saturday

ജറുസലേം: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ജറുസലേം വിഭാഗത്തിന്റെ 'ജപമാല നിർമ്മാണത്തിലുടെ ജീവിതത്തിന് ഒരു മാറ്റം' പദ്ധതി ശ്രദ്ധേയമാകുന്നു. അടുത്ത വർഷം പനാമയിൽ നടക്കാനിരിക്കുന്ന യുവജന ദിനത്തോടനുബന്ധിച്ച് പങ്കെടുക്കുന്നവർക്കെല്ലാം നൽകാൻ ജപമാല നിർമ്മിക്കുക എന്ന ദൗത്യമാണ് പദ്ധതിയിലൂടെ ബത്‌ലഹേമിലെ കുടുംബങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. ജപമാല നിർമ്മാണത്തിലൂടെ ജീവിതത്തിൽ ഒരു മാറ്റം എന്ന പദ്ധതിയിൽ രണ്ടുകാര്യങ്ങളാണ് ജെറുസലേം കാരിത്താസ് സംഘടന ലക്ഷ്യം വെക്കുന്നത്.

ബെത്‌ലഹേമിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭാവി ഒരുക്കുന്നതോടൊപ്പം യുവജനങ്ങളിൽ ജപമാല ചൊല്ലുന്ന പതിവ് വളർത്തിയെടുക്കാനും അതുവഴി ലോകത്തിൽ സമാധാനവും സ്നേഹവും നീതിയും സ്ഥാപിക്കുവാനും സംഘടന ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി 22 കേന്ദ്രങ്ങളിൽ ഇരുന്നൂറ്റി അമ്പതോളം വരുന്ന സ്ത്രീപുരുഷന്മാർ ജപമാല നിർമ്മാണത്തിൽ ഭാഗഭാക്കാകും. ജറുസലേമിൽ ലഭിച്ചിരുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിതം മുന്നോട്ടു നയിക്കാൻ സാധിക്കാതിരുന്ന പലരും കാരിത്താസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കാരിത്താസിനോട് ചേര്‍ന്ന് ജീവിതം കരുപിടിച്ചവര്‍ ആയിരകണക്കിന് പേരാണ്. ജപമാല നിർമാണത്തിലൂടെ വരുമാനം സമ്പാദിക്കുന്നതിനോടൊപ്പം ശുശ്രൂഷ ചെയ്യുവാനും അനേകര്‍ തയാറെടുക്കുകയാണ്.


Related Articles »