News - 2024

വൈവിധ്യം സംരക്ഷിക്കാൻ കത്തോലിക്കരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 28-08-2018 - Tuesday

ജക്കാര്‍ത്ത: രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കാൻ കത്തോലിക്ക സഭയുടെ പിന്തുണ തേടി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്തോനേഷ്യൻ മെത്രാൻ സമിതിയുടെ ജക്കാർത്തയിലെ കാര്യാലയം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്രസിഡന്റ് ആയതിനു ശേഷം ആദ്യമായാണ് ജോക്കോ വിഡോഡോ മെത്രാന്‍ കാര്യാലയം സന്ദര്‍ശിക്കുന്നത്. മെത്രാൻ സമിതി അധ്യക്ഷനും ജക്കാർത്ത ആർച്ചു ബിഷപ്പുമായ ഇഗ്നേഷ്യസ് സുഹാര്യോയുടെ നേതൃത്വത്തിലുളള മെത്രാൻ സംഘം പ്രസിഡന്റിനെ സ്വീകരിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒാരോ മെത്രാൻമാരും തങ്ങളുടെ രൂപതകളെ സംബന്ധിച്ച കാര്യങ്ങൾ പ്രസിഡന്റിനെ ധരിപ്പിച്ചു.

രാജ്യത്ത് സാഹോദര്യവും, ഒത്തൊരുമയും, ഐക്യവും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് മെത്രാന്മാരുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസിഡന്റ് ജോക്കോ വിഡോഡോ മാധ്യമങ്ങളോടു പറഞ്ഞു. വത്തിക്കാൻ സന്ദര്‍ശിക്കാനുളള തന്റെ ആഗ്രഹം ജോക്കോ വിഡോഡോ മെത്രാൻമാരെ അറിയിച്ചു. ലോകത്തിൽ ഏറ്റവും അധികം ഇസ്ലാം മത വിശ്വാസികളുളള ഇന്തോനേഷ്യയിൽ മതന്യൂനപക്ഷങ്ങൾക്കു നേരേ ആക്രമണങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വൈവിധ്യം കാത്തു സംരക്ഷിക്കാന്‍ കത്തോലിക്ക സഭയെ ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ പ്രസ്താവന ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.


Related Articles »