News - 2025
ഫ്രാന്‍സിസ് പാപ്പ അനുഗ്രഹിച്ച് നല്‍കിയ കുടുംബങ്ങളുടെ പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 29-08-2018 - Wednesday
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ആഗസ്റ്റ് 21- 26 തീയതികളില്‍ നടന്ന ആഗോള കുടുംബ സംഗമത്തില്‍ ഉപയോഗിച്ച കുടുംബങ്ങളുടെ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ വത്തിക്കാന്‍ റേഡിയോ വിഭാഗം പരിഭാഷപ്പെടുത്തി. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പ അനുഗ്രഹിച്ചു നല്കിയ പ്രാര്‍ത്ഥനയുടെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാള വിഭാഗമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
പ്രാര്‍ത്ഥനയുടെ പരിഭാഷ ചുവടെ നല്‍കുന്നു: (അനുദിന സന്ധ്യാ പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കാവുന്നതാണ്)
ഞങ്ങളുടെ പിതാവായ ദൈവമേ, അങ്ങേ സുതനായ ക്രിസ്തുവില്‍ ഞങ്ങള്‍ സഹോദരങ്ങളും പരിശുദ്ധാത്മാവില്‍ ഞങ്ങള്‍ ഒരു കുടുംബവുമാണ്. ആവശ്യത്തിലായിരിക്കുന്നവരെ സ്വീകരിക്കാന്‍ വേണ്ട ക്ഷമയും കരുണയും സൗമ്യതയും ഉദാരതയും ഞങ്ങള്‍ക്കു നല്‍കണമേ. എന്നും മാപ്പുനല്‍കുന്ന അങ്ങേ സ്നേഹവും സമാധാനവും ജീവിതത്തില്‍ പകര്‍ത്താന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങള്‍ ഇപ്പോള്‍ അനുസ്മരിക്കുന്ന (കുടുംബങ്ങളെയും വ്യക്തികളെയും പേരു പറഞ്ഞ് ഓര്‍ത്ത് അല്പസമയം മൗനമായി പ്രാര്‍ത്ഥിക്കാം) ഞങ്ങളുടെ ഈ കുടുംബങ്ങളെയും ഞങ്ങളെ ഓരോരുത്തരെയും ദൈവമേ, അങ്ങേ കരുതലുള്ള സ്നേഹത്താല്‍ കാത്തുപാലിക്കണമേ!
ദൈവമേ, ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയും, പ്രത്യാശയെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അങ്ങേ സ്നേഹത്താല്‍ ഞങ്ങളെ സുരക്ഷിതരായി നയിക്കണമേ. ഞങ്ങള്‍ പങ്കുവയ്ക്കുന്ന ജീവിതദാനത്തിന് എപ്പോഴും നന്ദിയുള്ളവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ! കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ത്ഥന കേട്ടരുളേണമേ!!