News - 2024

തീവ്ര മുസ്ലിം വിഭാഗത്തിന്റെ ഭീഷണി; ഈജിപ്തിൽ 8 ദേവാലയങ്ങള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍ 31-08-2018 - Friday

കെയ്റോ: തീവ്ര മുസ്ലിം വിഭാഗത്തിന്റെ ഭീഷണി മൂലം ഔദ്യോഗികമായ അംഗീകാരത്തിനായി കാത്തിരുന്ന എട്ട് കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങൾ ഈജിപ്തിൽ അടച്ചുപൂട്ടി. ഔദ്യോഗികമായ അംഗീകാരം ലഭിക്കാനായി കാത്തിരുന്ന ദേവാലയങ്ങളുടെ സമീപത്തേയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില തീവ്ര മുസ്ലിം വിഭാഗക്കാർ ക്രെെസ്തവ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയതാണ് ദേവാലയങ്ങളുടെ അടച്ചുപൂട്ടലിന് വഴി വച്ചത്. സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് ഇടപെട്ട് ദേവാലയങ്ങൾ അടച്ചുപൂട്ടുകയായിരിന്നു.

ഇതിനെതിരെ ഈജിപ്തിലെ ഏതാനും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. ഈജിപ്തിലുടനീളം അനൗദ്യോഗികമായി ക്രെെസ്തവ ദേവാലയം എന്ന നിലയിൽ അംഗീകരിക്കപ്പെട്ട ആയിരക്കണക്കിന് ദേവാലയങ്ങൾ ഉണ്ട്. ഏതാണ്ട് രണ്ടു വർഷം മുൻപാണ് മോസ്ക്കുകൾക്കു നൽകുന്ന അതേ അവകാശം ക്രെെസ്തവ ദേവാലയങ്ങൾക്കും നൽകാനുള്ള നിയമം സർക്കാർ കൊണ്ടുവന്നത്. ഈ സമയം മൂവായിരത്തിഅഞ്ഞൂറോളം ദേവാലയങ്ങൾ ഔദ്യോഗിക അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു.

ചില ദേവാലയങ്ങൾ ഇരുപതു വർഷമായി ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്ത ദേവാലയങ്ങളിൽ പ്രാർത്ഥിക്കാമെന്ന് ഈജിപ്ഷ്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം ഈജിപ്തിലെ ലെക്ഷോർ പ്രവിശ്യയിൽ മാത്രം എട്ടു ദേവാലയങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. ഈജിപതിലെ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന കോപ്റ്റിക്ക് ക്രെെസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ രാജ്യത്ത് വലിയ തോതിൽ പീഡനമേൽക്കുകയാണ്.


Related Articles »