India - 2025

മരണത്തെ മുന്നില്‍ കണ്ട അനേകര്‍ക്ക് അഭയമായത് ആലുവ മേജര്‍ സെമിനാരി

സ്വന്തം ലേഖകന്‍ 03-09-2018 - Monday

കൊച്ചി: പ്രളയത്തില്‍ വീടുകളില്‍ നിന്നു ഓടിരക്ഷപ്പെട്ട ആയിരത്തിഇരുന്നൂറോളം പേര്‍ക്കു കുടുംബസമാനമായ അന്തരീക്ഷത്തില്‍ പാര്‍ക്കാന്‍ ഇടമൊരുക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ വൈദിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി. യാതൊരു വിധ ആസൂത്രണമൊന്നുമില്ലാതെ ഓഗസ്റ്റ് 14നു പെരിയാറിനോട് ചേര്‍ന്ന സെമിനാരിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പ് ഇക്കഴിഞ്ഞ 24 വരെ നൂറുകണക്കിന് ആളുകള്‍ക്ക് പുതുജീവിതത്തിന് പ്രതീക്ഷയായി. സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടികയില്‍ സെമിനാരി ഉണ്ടായിരുന്നില്ലെങ്കിലും പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.

വൈദികരും വൈദിക വിദ്യാര്‍ഥികളും ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്ഞു അഭയാര്‍ത്ഥികളെ സഹായിച്ചു. സെമിനാരിയിലെ എല്ലാ സൗകര്യങ്ങളും തുറന്നു നല്‍കി. ഗസ്റ്റ് റൂമുകളും ക്ലാസ് മുറികളും ഓഡിറ്റോറിയവും സെമിനാരി വിദ്യാര്‍ഥികളുടെ മുറികളും ഏവര്‍ക്കും തുറന്നു നല്‍കി. സെമിനാരിയുടെ തീരത്ത് 20 അടിയോളം വെള്ളം ഉയര്‍ന്നെങ്കിലും കെട്ടിടങ്ങളിലേക്കെത്തിയില്ല. വൈകാതെ ഇവിടേക്കുള്ള റോഡുകള്‍ വെള്ളത്താല്‍ നിറഞ്ഞു. ആദ്യ ദിവസങ്ങളില്‍ വൈദ്യുതി, ഡീസല്‍, ആശയവിനിമയോപാധികള്‍ എന്നിവയ്ക്കു ബുദ്ധിമുട്ട് നേരിട്ടു.

രണ്ടു ദിവസം സെമിനാരിയില്‍ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍കൊണ്ടാണു ക്യാന്പംഗങ്ങള്‍ വിശപ്പകറ്റിയത്. ആ ദിവസങ്ങളില്‍ മഴവെള്ളമാണു കുടിവെള്ളമായി ഉപയോഗിച്ചത്.

മൂന്നാം ദിവസം മുതല്‍ പുറത്തുനിന്നു ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും ലഭിച്ചു. ഇതിനിടെ നാവികസേനയും ഭക്ഷണവുമായെത്തി. ബാക്കി സമയങ്ങളില്‍ സെമിനാരിയുടെ അടുക്കളയില്‍ തന്നെ ഭക്ഷണം തയാറാക്കി നല്‍കി. പുഴയില്‍നിന്ന് വെള്ളം ചുമന്നു കയറ്റിയാണു ടോയ്ലറ്റുകളിലും മറ്റു ശുചീകരണത്തിനും ഉപയോഗിച്ചിരുന്നത്. സെമിനാരിയിലെ എല്ലാ വൈദികരും വൈദികവിദ്യാര്‍ഥികളും മുഴുവന്‍ സമയവും സേവനത്തിനുണ്ടായിരുന്നു. ആളുകള്‍ എത്തിച്ച അവശ്യവസ്തുക്കളില്‍ മിച്ചം വന്നവ ക്യാമ്പു വിട്ടുപോകുന്നവര്‍ക്കു കിറ്റുകളിലാക്കി നല്‍കി മാതൃകയായതിന് ശേഷമാണ് സെമിനാരി തങ്ങളുടെ രക്ഷാദൌത്യം അവസാനിപ്പിച്ചത്.


Related Articles »