News - 2025
വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം
സ്വന്തം ലേഖകന്‍ 03-09-2018 - Monday
കണക്റ്റികട്ട്: വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാർത്ഥന നടത്തുവാന്‍ രൂപതാ വെെദികർക്ക് നിർദ്ദേശവുമായി അമേരിക്കൻ രൂപത. ലൈംഗീക വിവാദങ്ങളിലൂടെ സഭ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയിലെ കണക്റ്റികട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബ്രിഡ്ജ്പോർട്ട് രൂപതാദ്ധ്യക്ഷന്‍ ഫ്രാങ്ക് കാഗിയാനോ ഇപ്രകാരം തീരുമാനം എടുത്തത്. വ്യാകുല മാതാവിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി മുതൽ ബിഷപ്പ് ഫ്രാങ്ക് കാഗിയാനോയുടെ നിർദേശം ഇടവക ദേവാലയങ്ങളിൽ പ്രാബല്യത്തില്‍ വരും. അന്നേ ദിവസം രൂപതയിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ ബലിയർപ്പണവും നടക്കും.
രൂപതാ ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനകളുടെ സമാപനത്തിലും, വെെദികർ വ്യക്തിപരമായും വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന ചൊല്ലണമെന്നാണ് ബിഷപ്പ് ഫ്രാങ്ക് കാഗിയാനോയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1884-ല്‍ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് സഭയിൽ വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന ആരംഭിച്ചത്. 80 വര്‍ഷങ്ങള്‍ക്ക് ശേഷം പല ദേവാലയങ്ങളും ഈ പ്രാർത്ഥന അവസാനിപ്പിക്കുകയായിരിന്നുവെന്നും തുടര്‍ന്നു സാത്താന്റെ പ്രവര്‍ത്തനം ശക്തി പ്രാപിച്ചതായും രൂപതാവൈദികനായ ഡേവിഡ് ക്ലോസ്റ്റര്‍ ഒരു കത്തോലിക്ക പോര്‍ട്ടലില്‍ കുറിച്ചു. എന്നാൽ ഏതാനും നാളുകളായി വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന പുനഃസ്ഥാപിക്കണം എന്ന ആവശ്യം സഭയിൽ ശക്തമാകുന്നുണ്ട്.