News - 2024

രണ്ടാം ലോക മഹായുദ്ധം: പോളണ്ടിൽ അഞ്ചിൽ ഒരു വൈദികൻ വീതം കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 05-09-2018 - Wednesday

വാര്‍സോ: രണ്ടാം ലോക മഹായുദ്ധ സമയത്ത് പോളണ്ടിൽ അഞ്ചിൽ ഒരു പുരോഹിതൻ വീതം കൊല ചെയ്യപ്പെട്ടന്ന് പോളിഷ് മെത്രാൻ സമിതിയുടെ വെളിപ്പെടുത്തല്‍. യുദ്ധസമയത്ത് ജർമനിയും, റഷ്യയും കെെയടക്കി വച്ചിരുന്ന പോളണ്ടിൽ ക്രൂരമായ വൈദിക നരഹത്യ നടന്നുവെന്ന വിവരം പോളിഷ് മെത്രാൻ സമതി വക്താവ് ഫാ. പവൽ റെെറ്റൽ ആൻഡ്രിയാനിക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് സൂചിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിന്റെ ഒാർമ്മ ദിവസമാണ് ഫാ. പവൽ റെെറ്റൽ ആൻഡ്രിയാനിക്ക് പോളണ്ടിലെ സഭ യുദ്ധ സമയത്ത് സഹിച്ച പീഡനങ്ങൾ വിവരിച്ചത്.

നാലു മെത്രാൻമാർ കുപ്രസിദ്ധ നാസി തടങ്കല്‍പ്പാളയത്തിൽ വച്ച് കൊല ചെയ്യപ്പെട്ടു. രാജ്യത്തെ പകുതിയോളം ദേവാലയങ്ങളിൽ വെെദികർ ഇല്ലാതായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ നടന്ന യുദ്ധം കൂടിയായിരുന്നു രണ്ടാം ലോക മഹായുദ്ധം എന്നാണ് പോളിഷ് മെത്രാൻ സമിതി സംഭവങ്ങളെ വിശേഷിപ്പിക്കുന്നത്. യുദ്ധ സമയത്ത് വെെദികർക്കും, സന്യസ്തർക്കും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ഫാ. പവൽ ഒാർമപ്പെടുത്തി. 1939-ല്‍ എണ്ണായിരം സന്യാസികളില്‍ 370 പേര്‍ കൊല ചെയ്യപ്പെട്ടു. നാസികള്‍ കൊന്നൊടുക്കിയത് 280 കന്യാസ്ത്രീകളെയാണ്.

വൈദികരും സന്യാസികളും അടക്കം നാലായിരത്തോളം പേരും ആയിരത്തിലധികം കന്യാസ്ത്രീകളും ഇക്കാലയളവില്‍ ജര്‍മ്മന്‍ കോണ്‍സന്‍റ്റേഷന് ക്യാമ്പുകളില്‍ തടവു അനുഭവിച്ചു. യുദ്ധ സമയത്ത് ജർമ്മനി, സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും, ദേവാലയങ്ങൾ പൂട്ടുകയും ചെയ്തുവെന്നും, ഫാ. പവൽ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. കൊടും സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പോളണ്ടിന്റെ സഹനങ്ങള്‍ വെറുതെയായിരിന്നില്ല. യൂറോപ്പില്‍ കത്തോലിക്ക വിശ്വാസത്തെ ഏറ്റവും ശക്തമായി നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന രാജ്യമാണ് രക്തസാക്ഷികളാല്‍ അഭിഷേകം ചെയ്യപ്പെട്ട പോളണ്ട്. അതേ, രക്തസാക്ഷികളുടെ ചൂടുനിണത്താല്‍ സഭ വളരുകയാണ്.


Related Articles »