News - 2025

ഫിലിപ്പീൻസിൽ പാദ്രെ പിയോയുടെ തിരുശേഷിപ്പ് തീർത്ഥാടനം

സ്വന്തം ലേഖകന്‍ 09-09-2018 - Sunday

മനില: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് സ്വീകരിക്കുവാന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സ് ഒരുങ്ങുന്നു. ഒക്ടോബർ ആറ് മുതൽ ഇരുപതു വരെ നടക്കുന്ന ചരിത്രപരമായ തീർത്ഥാടനത്തിൽ മനില, സെബു, ദാവോ ഉൾപ്പെടെയുള്ള ഫിലിപ്പീന്‍സ് നഗരങ്ങളിൽ വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് പ്രദർശിപ്പിക്കും. തീര്‍ത്ഥാടനത്തെ തുടര്‍ന്നു രാജ്യത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ നിരവധി അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്ന് ദേശീയ തീർത്ഥാടന കേന്ദ്രമായ സാന്റോ തോമസ് പാദ്രെ പിയോ ദേവാലയ റെക്ടർ ഫാ.ജോസ് ലിൻ ഗോണ്ട തീർത്ഥാടന വിവരങ്ങൾ പങ്കുവെച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അരക്ഷിതാവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. വിശുദ്ധന്റെ ശരീരത്തിൽ തിരുമുറിവുകൾ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികവും മരണത്തിന്റെ അമ്പതാം വർഷവും പൂർത്തിയാകുന്ന കാലഘട്ടത്തിലാണ് തിരുശേഷിപ്പ് വണക്കം ക്രമീകരിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സ് സഭ സന്യസ്തരുടെ വർഷമായി ആചരിക്കുന്ന വേളയിൽ വിശുദ്ധ പാദ്രെ പിയോയുടെ മാതൃക പ്രചോദനമാണ്. തിരുശേഷിപ്പ് തീർത്ഥാടനത്തിന് മുൻകൈയ്യെടുത്ത ലിപ രൂപതയ്ക്കും എപ്പിസ്കോപ്പൽ അദ്ധ്യക്ഷനും സാൻ പാബ്ളോ ബിഷപ്പുമായ മോൺ. ബുനവെൻച്ചുറ ഫറഡികോയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് നേരത്തെ അമേരിക്ക, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളിൽ തീർത്ഥാടനം പൂർത്തിയാക്കിയിരുന്നു. സെന്‍റ് പാദ്രെ പിയോ ദേവാലയം ദേശീയ കേന്ദ്രമായി ഉയർത്തിയ ശേഷം ആയിരകണക്കിന് വിശ്വാസികളാണ് ഫിലിപ്പീന്‍സ് ദേവാലയത്തിൽ എത്തുന്നത്. എല്ലാ മാസവും വിശുദ്ധന്റെ മരണ ദിനമായ ഇരുപത്തിമൂന്നാം തിയ്യതി പാദ്രെ പിയോയുടെ മദ്ധ്യസ്ഥതയിൽ രോഗികൾക്കായി പ്രത്യേകം പ്രാർത്ഥനകൾ നടത്തി വരുന്നുണ്ട്.


Related Articles »