Arts

590 അടി താഴ്ചയില്‍ ഉപ്പില്‍ കൊത്തിയുണ്ടാക്കിയ ഭൂഗര്‍ഭ ദേവാലയം ശ്രദ്ധയാകര്‍ഷിക്കുന്നു

സ്വന്തം ലേഖകന്‍ 15-09-2018 - Saturday

ബൊഗോട്ട: കൊളംബിയായിൽ ഭൂനിരപ്പില്‍ നിന്നും 590 അടി താഴെ ഉപ്പില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം അത്ഭുതമാകുന്നു. പതിനായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്നതാണ് ഈ ദേവാലയം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടാക്ക് 30 മൈല്‍ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 2,50,000 ടണ്‍ ഉപ്പാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി നീക്കം ചെയ്തിരിക്കുന്നത്. വിദഗ്ദരായ ശില്‍പ്പികള്‍ കൈകൊണ്ടു കൊത്തിയുണ്ടാക്കിയിരിക്കുന്ന രൂപങ്ങളാണ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണം.

ദേവാലയത്തിന്റെ ഭിത്തികള്‍ വരെ ഉപ്പ് ശിലയില്‍ കൈകൊണ്ട് കൊത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടനാഴിയിലെ ശില്‍പ്പങ്ങളും ഉപ്പ് ശിലയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നവയാണ്. പ്രധാന അള്‍ത്താരക്ക് മുകളിലായി വലിയൊരു കുരിശുമുണ്ട്. ഭൂഗര്‍ഭ കഫേയും ദേവാലയത്തിലുണ്ട്. മരം കൊണ്ടുള്ള ഇരിപ്പിടങ്ങളും വൈദ്യുതാലങ്കാരങ്ങളും ദേവാലയത്തെ കൂടുതല്‍ മനോഹരമാക്കുന്നു. 1930-ല്‍ ഉപ്പ് ഖനിയിലെ ഒരു തുരങ്കത്തില്‍ ഖനി തൊഴിലാളികള്‍ തങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഒരു ചെറിയ ചാപ്പല്‍ കൊത്തി ഉണ്ടാക്കിയതോടെയാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

പിന്നീട് ഒരു വലിയ കത്തീഡ്രല്‍ ഉണ്ടാക്കിയെങ്കിലും സുരക്ഷിതമല്ല എന്ന കാരണത്താല്‍ 1992-ല്‍ അധികാരികള്‍ അത് അടച്ചുപൂട്ടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കമ്പനിയുടെ ധനസഹായത്തോടെ 1995-ലാണ് ഇന്ന് കാണുന്ന ദേവാലയം തുറന്നത്. ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിവാഹം പോലെയുള്ള പരിപാടികള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ദേവാലയത്തിനോട് ചേര്‍ന്നുണ്ട്. കൊളംബിയന്‍ നിര്‍മ്മാണ കലയുടെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നായും പൈതൃകസ്വത്തായുമാണ് ദേവാലയത്തെ വിശേഷിപ്പിക്കുന്നത്.


Related Articles »