Life In Christ - 2025
മെത്രാപ്പോലീത്ത സ്ഥാനം ഉപേക്ഷിച്ച് ആശ്രമ ജീവിതം തിരഞ്ഞെടുത്ത് ഇക്വഡോർ ബിഷപ്പ്
സ്വന്തം ലേഖകന്‍ 18-09-2018 - Tuesday
പോർട്ടോവിയജോ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ പോർട്ടോവിയജോ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി മെത്രാപ്പോലീത്താ പദവിയിൽ നിന്നും രാജിവച്ച് ആശ്രമ ജീവിതം തിരഞ്ഞെടുത്തു. വരുന്ന നവംബർ മാസം ലൊറെൻസോ വോൾട്ടോളനി ആശ്രമ ജീവിതം ആരംഭിക്കും. സാൽസഡോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സാന്താമരിയ ഡെൽ പരാഡിസോ എന്ന സന്യാസ ആശ്രമത്തിലായിരിക്കും എഴുപത് വയസ്സുളള ആര്‍ച്ച് ബിഷപ്പിന്‍റെ ഇനിയുള്ള ജീവിതം. 2014-ല്‍ തന്നെ സന്യാസ ജീവിതം നയിക്കാനുളള തന്റെ താത്പര്യത്തെ പറ്റി ലൊറെൻസോ വോൾട്ടോളനി ഔദ്യോഗികമായി അധികൃതരെ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നു തന്റെ രാജി കാര്യത്തോട് ഒപ്പം ഇതും ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി ഫ്രാൻസിസ് മാർപാപ്പയെ ധരിപ്പിക്കുകയും ചെയ്തു. പാപ്പ രാജി സ്വീകരിക്കുകയും, ലൊറെൻസോയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയുമായിരിന്നു. പ്രാർത്ഥന ഇല്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലായെന്ന് ലൊറെൻസോ വോൾട്ടോളനി തുറന്നു സമ്മതിക്കുന്നു. തന്റെ തീരുമാനം ലോകത്തില്‍ നിന്നുള്ള പാലായനമല്ലെന്നും ദൈവീക മാനത്തിലൂടെ ലോകത്തിലേക്കുള്ള പ്രവേശനമാണെന്നും അദ്ദേഹം പറയുന്നു.
ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തില്‍ അംഗമായും ആര്‍ച്ച് ബിഷപ്പ് ലൊറെൻസോ വോൾട്ടോളനി സേവനം ചെയ്തിരിന്നു. തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറ സന്യാസ ആശ്രമങ്ങളിലെ നിശബ്ദതയെ ആസ്പദമാക്കി എഴുതിയ 'ദി പവർ ഒാഫ് സൈലൻസ്' സഭയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ലൊറെൻസോ വോൾട്ടോളനി മെത്രാപ്പോലീത്തയുടെ നിലപാടിനെ കാണുന്നവരും കുറവല്ല.