News - 2024

ക്രൈസ്തവ നരഹത്യ യുഎൻ അംഗീകരിക്കണം: യൂറോപ്യൻ സംഘടന

സ്വന്തം ലേഖകന്‍ 18-09-2018 - Tuesday

ലക്സംബർഗ്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വംശഹത്യ ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ സംഘടന വീണ്ടും രംഗത്ത്. അമേരിക്കൻ നീതിന്യായ സംഘടന (എ‌സി‌എല്‍‌ജെ)യുടെ ഭാഗമായ യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസാണ് ഈ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. ക്രൈസ്തവ നരഹത്യയെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും അതുവഴി ദുരിതബാധിതർക്ക് ആവശ്യമായ സഹായവും സംരക്ഷണവും യുഎൻ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സമാധാനം സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട യുഎൻ സംഘടന ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുകയും അവരുടെ മനുഷ്യവകാശങ്ങൾ നിഷേധിക്കുകയാണെന്നും യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസ് വ്യക്തമാക്കി. നരഹത്യ അന്വേഷിക്കാൻ തയ്യാറായെങ്കിലും, ക്രൈസ്തവ യസീദി സമൂഹം നേരിടുന്ന ആക്രമണങ്ങളെ മനുഷ്യ കുരുതിയായി അംഗീകരിക്കാൻ യുഎൻ വിമുഖത കാണിക്കുന്നു.

ഐഎസ് തീവ്രവാദ സംഘടനകളാണ് മനുഷ്യക്കുരുതികൾക്ക് പിന്നിലെന്ന് തെളിവുകൾ ലഭിച്ചതായി ജനുവരിയിൽ ഡച്ച് ഭരണകൂടം വ്യക്തമാക്കിയിരുന്നു. 1948 യുഎൻ നിയമ ഭേദഗതിയനുസരിച്ച് നരഹത്യയ്ക്ക് ശിക്ഷ നല്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. ഇത് ഏഴാം തവണയാണ് ക്രൈസ്തവ നരഹത്യ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യ യൂറോപ്യൻ സെൻറർ ഫോർ ലോ ആൻറ് ജസ്റ്റിസ് രംഗത്ത് വരുന്നത്. മത പീഡനത്തിനിരയാകുന്നവരെ അനുസ്മരിക്കാൻ അന്താരാഷ്ട്ര ദിനം ആചരിക്കാൻ പദ്ധതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ മതസ്വാതന്ത്ര്യ സംഘടന അധ്യക്ഷൻ ജാൻ ഫിഗൽ വ്യക്തമാക്കി.


Related Articles »