News

നിരീശ്വരവാദിയും ഓസീസ് മുൻ വിദേശകാര്യ മന്ത്രിയുമായ ഹേയ്ഡൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 19-09-2018 - Wednesday

മെല്‍ബണ്‍: അനേകം വര്‍ഷം കടുത്ത നിരീശ്വരവാദിയായി ജീവിച്ച ഒാസ്ട്രേലിയയിലെ ഉന്നത രാഷ്ട്രീയ നേതാവും മുൻ വിദേശകാര്യ മന്ത്രിയും ഗവര്‍ണ്ണറുമായിരിന്ന ബിൽ ഹേയ്ഡൻ മാമോദീസയിലൂടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഈ മാസം ഒൻപതിനു ബ്രിസ്ബേയിനിലെ ഇബ്സ്വിച്ച് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് തന്റെ എൺപത്തിയഞ്ചാമത്തെ വയസ്സിലാണ് ബിൽ ഹേയ്ഡൻ ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധ കത്തോലിക്കാ സഭയിൽ അംഗമായത്. ജീവിതത്തിന്റെ അർഥം എന്താണ് എന്ന് തന്റെ ഹൃദയത്തിൽ നിന്നും ആത്മാവിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ക്രിസ്തുവിലേക്കുള്ള മടക്കയാത്രയെ ബിൽ ഹേയ്ഡൻ വിശേഷിപ്പിക്കുന്നത്.

തന്റെ മാനസാന്തര അനുഭവത്തിന് ഒരുപാട് വർഷം വേണ്ടിവന്നുവെന്ന് ബിൽ ഹേയ്ഡൻ ഒാർത്തെടുക്കുന്നു. തന്റെ അമ്മയോടും, പ്രാഥമിക വിദ്യാഭ്യാസം നേടിയ വിദ്യാലയത്തിലെ ഉർസുലെൻ സന്യാസിനിമാരോടും ആണ് തന്റെ മാനസാന്തരത്തിനുള്ള കടപ്പാട് ബിൽ ഹേയ്ഡൻ നല്‍കുന്നത്. അവരിൽ നിന്നാണ് മനുഷ്യത്വവും, മറ്റുള്ള സഹജീവികളോട് നാം എങ്ങനെ പെരുമാറണം എന്നതിനെ പറ്റിയുമൊക്കെ പഠിച്ചതെന്നു ബിൽ ഹേയ്ഡൻ പറയുന്നു. അതേസമയം, തൊണ്ണൂറ്റിമൂന്നു വയസായ ആശുപത്രി ജീവിതം നയിക്കുന്ന ഒരു സന്യാസിനിയെ ഇക്കഴിഞ്ഞ നാൾ കാണാൻ പോയതാണ് സഭാ പ്രവേശനത്തിലേക്കുള്ള വഴിത്തിരുവായതെന്ന്‍ അദ്ദേഹം അടുത്തിടെ സുഹൃത്തുക്കള്‍ക്ക് എഴുതിയ ഒരു കത്തില്‍ വ്യക്തമാക്കുന്നു.

ദീര്‍ഘനാളായി ബിൽ ഹേയ്ഡന് ആൻജല മേരി എന്ന ആ സന്യാസിനിയെ പരിചയം ഉണ്ടായിരുന്നു. രോഗാവസ്ഥയിലും വിശുദ്ധ ജീവിതം നയിക്കുന്ന ആൻജല മേരിയുടെ ജീവിതം ഹേയ്ഡനേ എപ്പോഴും അത്ഭുതപ്പെടുത്തിയിരിന്നു. എങ്ങനെയാണ് സിസ്റ്റർക്ക് ഇത് സാധിക്കുന്നത് എന്നുളള ചോദ്യത്തിന് ബിൽ ഹേയ്ഡൻ ഉത്തരം കണ്ടെത്തി. ക്രൈസ്തവ വിശ്വാസമാണ് ആൻജല മേരി എന്ന സന്യാസിനിയുടെ വിശുദ്ധ ജീവിതത്തിന്റെ അടിത്തറ എന്ന് ബിൽ ഹേയ്ഡന് ഉറപ്പ് ലഭിച്ചു. ഒരുകാലത്ത് ക്രൈസ്തവ വിശ്വാസത്തെ പൂര്‍ണ്ണമായും നിന്ദിച്ച ബിൽ ഹേയ്ഡൻ, മാനുഷികതയുടെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും അനുകമ്പയുടെയും സ്നേഹത്തിന്റെയും കേന്ദ്രമായാണ് ഇന്ന് ക്രിസ്തീയതയെ വിശേഷിപ്പിക്കുന്നത്.

ഫാ. പീറ്റര്‍ ഡില്ലന്‍ എന്ന വൈദികനാണ് ഹേയ്ഡനു മാമ്മോദീസ നല്‍കിയത്. ദൈവത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിളിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാ. പീറ്റര്‍ പ്രതികരിച്ചു. സഭയിലെ ഏതാനും അധികാരികൾക്കെതിരെ ലെെംഗിക ആരോപണം ഉണ്ടാകുകയും, അതിന് സഭ മുഴുവൻ പഴി കേൾകുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിൽ സഭയെ പുതിയ കണ്ണിലൂടെ നോക്കി കാണാൻ തന്റെ സഭാ പ്രവേശനം സഹായകമാകുമെന്നാണ് ബിൽ ഹേയ്ഡന്റെ പ്രതീക്ഷ.


Related Articles »